നടി അപർണ ബാലമുരളി 'ഒരു സാധാരണ പെണ്ണല്ലെ'ന്ന് തമിഴ് സൂപ്പർസ്റ്റാർ സൂര്യ ശിവകുമാർ. തന്റെ പുതിയ ചിത്രമായ 'സൂരരൈ പോട്രു'മായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ വാർത്താസമ്മേളനത്തിലാണ് സൂര്യ തന്റെ സഹതാരത്തെ കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. വാർത്താസമ്മേളനത്തി അപർണയും പങ്കെടുത്തിരുന്നു. ചിത്രത്തിൽ തന്റെ നായികാകഥാപാത്രമായ 'ബൊമ്മി'യായി വേഷമിട്ട അപർണ ഏറെ കഴിവുള്ള നടിയാണെന്നും സിനിമാചിത്രീകരണത്തിനായി ഏറെ തയ്യാറെടുപ്പുകൾ നടത്തിയാണ് അപർണ എത്തിയതെന്നും സൂര്യ അഭിപ്രായപ്പെട്ടു.
'ഇതൊരു സാധാരണ പെണ്ണേയല്ല. വളരെ കഴിവുള്ള ഒരു കുട്ടിയാണ് അപർണ. ഡയലോഗുകൾ ഇല്ലാതിരുന്നപ്പോൾ പോലും അവശ്യമായ ഇമോഷൻസിൽ വിട്ടുപോകാതെ നിന്നുകൊണ്ട് അഭിനയിക്കാനുള്ള അപർണയുടെ കഴിവിനെ അഭിനന്ദിക്കണം. എന്റെയും അപർണയുടെയും കഥാപാത്രങ്ങൾക്ക് ചിത്രത്തിൽ തുല്യ പ്രാധാന്യമാണുള്ളത്. എനിക്ക് എത്ര സീനുകളുണ്ടോ അത്രയും സീനുകൾ തന്നെ അപർണയ്ക്കുമുണ്ട്.'- സൂര്യ പറയുന്നു.
'ഏറ്റവും പ്രാധാന്യമുള്ള സീനുകളിലും സംവിധായിക ഉദ്ദേശിക്കുന്നത് എന്തെന്ന് വളരെ നാച്ചുറലായി അപർണ മനസിലാക്കിയെടുക്കുകയും തന്മയത്തോടെ അത് അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. ഇമോഷണൽ ആകുന്ന സീൻ ആണെങ്കിലും ദുഃഖത്തെ കാട്ടേണ്ട സീൻ ആണെങ്കിലും ഒരു കേക്ക്‌വാക്ക് പോലെ അപർണ അത് ചെയ്തു. അതിനായി എന്തൊക്കെ ഹാർഡ്‌വർക്കുകൾ ആണ് ഈ പെൺകുട്ടി ചെയ്തതിരുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ അപർണ വളരെ പ്രീപെയേർഡ് ആയിരുന്നു എന്നെനിക്ക് മനസിലായി. ഈ പെൺകുട്ടി വളരെ വളരെ സ്പെഷ്യലാണ്.'- നടൻ പറഞ്ഞു.
ഇത്രയും വലിയ ക്യാൻവാസിൽ ചിത്രീകരിച്ച സിനിമ ഒ.ടി.ടി റിലീസായി പോയതിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് 'എനിക്കിനി കാത്തിരിക്കാൻ വയ്യ' എന്നായിരുന്നു അപർണ പ്രതികരിച്ചത്. 'ഇക്കാര്യത്തിൽ ചെറിയ വിഷമമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കരിയറിലെ വലിയോരു സിനിമയാണ് 'സൂരരൈ പോട്ര്'. സൂര്യ സാറിനെ പോലെയൊരു നടന്റെയൊപ്പം അഭിനയിക്കുന്നു എന്നത് ഒരു കാര്യം. സിനിമ ചിത്രീകരിക്കാൻ ഞങ്ങളെടുത്ത എഫർട്ടും ഒട്ടും ചെറുതല്ല എന്നതാണ് മറ്റൊന്ന്. പക്ഷെ പ്രാക്ടിക്കൽ ആയി ചിന്തിക്കുമ്പോൾ ഇതാണ് ബെറ്റർ. പിന്നെ എനിക്കിനി വെയിറ്റ് ചെയ്യാൻ വയ്യ. എല്ലാവരും ചോദിക്കുന്നുണ്ട് സിനിമയുടെ കാര്യം.' നടി പറയുന്നു.