raghavan

*സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞത് തുടർചികിത്സയ്ക്കായി

* മകനെ ഇ.ഡി ജയിലിലടച്ചതും കാരണമായെന്ന് സൂചന

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പദവി കോടിയേരി ബാലകൃഷ്ണൻ താത്കാലികമായി ഒഴിഞ്ഞു. തുടർചികിത്സയ്ക്കായി അവധി അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമല്ല. സെക്രട്ടറിയുടെ താത്കാലിക ചുമതല പാർട്ടി കേന്ദ്ര കമ്മിറ്റിഅംഗം എ. വിജയരാഘവന് നൽകി. വിജയരാഘവൻ എൽ.ഡി.എഫ് കൺവീനറായി തുടരും.

രാഷ്ട്രീയ വിവാദങ്ങളും സ്ഥാനമൊഴിയാൻ കാരണമായെന്നാണ് സൂചന.

ഇളയ മകൻ ബിനീഷ് കോടിയേരിയെ, ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു ജയിലിലടച്ചതും മകന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തിയതും കോടിയേരിയെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു.

വിഷയം രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷം, കോടിയേരി ഒഴിയണമെന്ന ആവശ്യം ഉയർത്തിയെങ്കിലും സി.പി.എം സംസ്ഥാന സമിതി അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മകൻ തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

എന്നാൽ, ബിനീഷിനെ ജയിലിലേക്ക് മാറ്റിയതിന്റെ അടുത്തദിവസം ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനം ഒഴിയാനുള്ള തീരുമാനം കോടിയേരി അവതരിപ്പിക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടറി അവധിയിൽ പോകുന്നത് സി.പി.എമ്മിൽ അസാധാരണമാണ്. കഴിഞ്ഞവർഷം കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോഴും സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയിരുന്നില്ല.

ചടയൻ ഗോവിന്ദൻ രോഗബാധിതനായിരുന്നപ്പോഴും സെക്രട്ടറിയായി തുടർന്നു.

വിജയരാഘവനെ

നിർദേശിച്ചു

തദ്ദേശ തിരഞ്ഞെടുപ്പുവേളയിൽ ചുമതലകൾ പൂർണതോതിൽ നിർവഹിക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയാണ് സ്ഥാനമൊഴിയുന്ന കാര്യം കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിച്ചത്. വിജയരാഘവന് ചുമതല കൈമാറണമെന്ന നിർദ്ദേശവും വച്ചു.

തൊട്ടുമുമ്പ് ചേർന്ന അവൈലബിൾ പി.ബി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വിജയരാഘവന്റെ പേര് നിർദ്ദേശിച്ചതെന്ന് സൂചനയുണ്ട്.

എസ്. രാമചന്ദ്രൻപിള്ളയും എം.എ. ബേബിയുമടക്കം പങ്കെടുത്ത അവൈലബിൾ പി.ബി യോഗം കാര്യങ്ങൾ ചർച്ച ചെയ്താണ് ധാരണയായത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിയാലോചിച്ചിരുന്നു. രോഗം വീണ്ടും ബാധിച്ചതും കീമോതെറാപ്പി കഴിഞ്ഞയാഴ്ച പുനരാരംഭിച്ചതും അദ്ദേഹം പി.ബി നേതാക്കളെയടക്കം അറിയിച്ചിരുന്നു.

സെക്രട്ടറി പദവിയിൽ

# 2015 ഫെബ്രുവരി 23ന് സി.പി.എമ്മിന്റെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയന്റെ പിൻഗാമിയായി പാർട്ടി സംസ്ഥാന സെക്രട്ടറിയായി.

# 2018 മാർച്ചിൽ നടന്ന തൃശൂർ സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായ ആറാം വർഷമാണ് ഈ സ്ഥാനത്ത്.

# 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലൂടെ പി.ബിയിലെത്തി