ചെന്നൈ: ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് പടക്കങ്ങൾ വാങ്ങാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ആഫ്രിക്കയും.
എല്ലാവർഷവും ഈ രാജ്യങ്ങൾ 7000 കോടി മുതൽ 8,000 കോടി വരെ വിലയ്ക്ക് ചൈനയിൽ നിന്ന് പടക്കങ്ങൾ വാങ്ങിയിരുന്നു. ഇപ്പോഴവർ ഇന്ത്യൻ വിപണിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് തമിഴ്നാട് ഫയർവർക്കേഴ്സ് ആൻഡ് അമോഴ്സസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗണേശൻ പാണ്ഡുരാജൻ പറഞ്ഞു. തങ്ങളുടെ പടക്കങ്ങൾ പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാകുന്ന തരത്തിലുള്ളവ അല്ലെന്നും ഗണേശൻ പറയുന്നു.
ഇന്ത്യയിൽ തന്നെ 90 ശതമാനം പടക്ക നിർമ്മാണപ്രവർത്തനങ്ങളും നടത്തുന്നത് ശിവകാശിയിലെ വിരുദ്ധ്നഗറിലാണ്. 1,070 പടക്കശാലകൾ വിരുദ്ധ്നഗറിലുണ്ട്.
ഞങ്ങൾക്ക് യൂറോപ്പിൽ നിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഒരു കണ്ടെയ്‌നറിന് 12,000 ഡോളർ വീതം ലഭിച്ചേക്കാം. 48 കോടിയുടെ ഓർഡറാണ് ഗണേശന്റെ കമ്പനിയായ സോണി ഫയർവർക്കേഴ്സ് പ്രതീക്ഷിക്കുന്നത്. എന്നാൽ, താങ്ങാനാവുന്ന വിലയ്ക്ക് കണ്ടെയ്‌നർ ലഭിക്കാത്തത് വെല്ലുവിളിയാണെന്നും ഗണേശൻ പറയുന്നു.
ഞങ്ങൾക്ക് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ സ്വന്തമായി വെയർഹൗസുണ്ട്, പക്ഷെ അവിടെ സ്റ്റോക്ക് എത്തിക്കാൻ ബുദ്ധിമുട്ടാണ്. ഇറക്കുമതിയ്ക്കായി ദീപാവലിയ്ക്ക് ശേഷം കേന്ദ്ര സർക്കാരിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്നും ഗണേശൻ കൂട്ടിച്ചേർത്തു.