ന്യൂഡൽഹി: 30 കിലോമീറ്ററിനുള്ളിൽ വരുന്ന വിമാനങ്ങളെ വെടിവച്ചു വീഴ്ത്താൻ സാദ്ധിക്കുന്ന ദ്രുത പ്രതികരണ ഉപരിതല എയർ മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. വർഷങ്ങളായി നടത്തിവരുന്ന പരീക്ഷണങ്ങൾക്കൊടുവിലാണ് ഡി.ആർ.ഡി.ഒ സംഘം ഇത് വിജയകരമാക്കിയത്. കരസേനയും വ്യോമസേനയും ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തും.
ചണ്ഡിപൂരിലെ ഐ.ടി.ആറിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.40 ഓടെയാണ് അത്യാധുനിക മിസൈൽ പരീക്ഷിച്ചത്. ഇത് വിജയകരമായെന്നും അധികൃതർ പറഞ്ഞു. 15 കിലോമീറ്റർ ഉയരത്തിൽ വ്യോമാക്രമണം നടത്താൻ സാധിക്കുന്ന എയർ മിസൈലുകൾ ഒരു മൊബൈൽ ടു-വെഹിക്കിൾ സിസ്റ്റത്തിൽ നിന്നാണ് വിക്ഷേപിക്കുന്നത്; ഇത് മിസൈൽ വഹിക്കുന്നതിനും റഡാർ ലക്ഷ്യം നേടുന്നതിനും സഹായിക്കും. ശത്രുവിന്റെ പ്രത്യാക്രമണങ്ങൾ തടയാനും ഇതിന് സാധിക്കും. ഈ റഡാറിന് ഒരേസമയം 100 വിമാനങ്ങളെ ലക്ഷ്യംവയ്ക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.