euro

ബൽഗ്രേഡ്: 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്കോട്ട്‌ലൻഡ് യൂറോകപ്പിൽ കളിക്കാൻ യോഗ്യത നേടി. പ്ലേ ഓഫിൽ സെർബിയയെ പെനാൽറ്രി ഷൂട്ടൗട്ടിൽ (5-4) കീഴടക്കിയാണ് സ്കോട്ട്‌ലൻഡിന്റെ യൂറോ യോഗ്യത. നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. സ്കോട്ട്ലൻഡ് 5 കിക്കുകളും വലയിലെത്തിച്ചപ്പോൾ 4 എണ്ണമേ സെർബിയയ്ക്ക് വലയിലാക്കാൻ പറ്റിയുള്ളൂ. ഷൂട്ടൗട്ടിൽ സെർബിയയുടെ ആദ്യ കിക്കെടുത്ത അലക്സാണ്ടർ മിട്രോവിച്ചിന്റെ ഷോട്ട് തടുത്ത് ഡേവിഡ് മാർഷലാണ് സ്കോട്ട്‌ലൻഡിന്റെ ചരിത്ര നിയോഗത്തിന് പതാക വാഹകനായത്.

സെർബിയയുടെ തട്ടകമായ ബൽഗ്രേഡിലെ റെഡ്സ്റ്റാർ സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ 24-ാം മിനിട്ടിൽ റയാൻ ക്രിസ്‌റ്രി നേടിയ ഗോളിൽ സ്കോട്ട്‌ലൻഡാണ് ലീഡെടുത്തത്. മക്ഗ്രിഗോറിന്റെ പാസാണ് ക്രിസ്റ്റി ഗോളാക്കി മാറ്രിയത്. മത്സരമവസാനിക്കാറാകവെ 90-ാം മിനിട്ടിൽ മാൾഡനോക്കിന്റെ പാസിൽ നിന്ന് ലൂക്കാ ജോവിക്ക് സെർബിയയുടെ സമനിലഗോൾ നേടുകയും മത്സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീട്ടുകയുമായിരുന്നു. സ്കോട്ട്‌ലൻഡിനായി ഷൂട്ടൗട്ടിൽ കിക്കെടുത്ത കെന്നി മക്‌ലീൻ, ഒലി മക്ബേർണി, മക്ടോമിന, മക്ഗ്രിഗോർ, ഗ്രിഫിത്ത്സ് എന്നിവർ കൃത്യമായി പന്ത് വലയ്ക്കകത്താക്കി.

സെർബിയക്കായി കിക്കെടുത്ത അലക്സാണ്ടർ കടായ്, നെമാഞ്ച ഗുഡൽജ്, ലൂക്കാ ജോവിക്ക്, ഡുസാൻ റ്റാഡിക്ക് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ആദ്യ കിക്കിനെത്തിയ മിട്രോവിച്ചിന്റെ ഷോട്ട് മാർഷൽ പറന്ന് സേവ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 9 മത്സരങ്ങളിലും തോൽവി അറിയാതെയാണ് കോച്ച് ക്ലാർക്കിന്റെ കീഴിൽ സ്കോട്ട്‌ലൻഡിന്റെ പടയോട്ടം. ഐസ്‌ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഹംഗറിയും യൂറോ യോഗ്യത നേടി. . ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന നിമിഷങ്ങളിൽ നേടിയ രണ്ട് ഗോളുകളുടെ പിൻബലത്തിലാണ് ഹംഗറി യോഗ്യതയുറപ്പിച്ചത്. നെഗോയും ഷോബോസിലായുമാണ് ഹംഗറിക്കായി ലക്ഷ്യം കണ്ടത്. 88,92 മിനിട്ടുകളിലായിരുന്നു ഹംഗറിയുടെ ഗോളുകളെത്തിയത്. 11 മിനുട്ടിൽ സിഗുറോസ്സണാണ് ഐ‌സ്‌ലൻഡിനായി ഗോൾ നേടിയത്.

സ്ലൊവാക്യ, നോർക്ക് മാസിഡോണിയ തുടങ്ങിയ ടീമുകളും യൂറോകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 2020-.ൽ നടക്കേണ്ടിയിരുന്ന യൂറോകപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെയ്ക്കുകയായിരുന്നു. നിലവിൽ 2021 ജൂൺ-ജൂലായ് മാസങ്ങളിലായാണ് മത്സരം നടത്താനാണ തീരുമാനിച്ചിരിക്കുന്നത്.

10 -കഴിഞ്ഞ പത്ത് പ്രധാന ടൂർണമെന്റുകളിലും യോഗ്യത നേടാന്‍ സ്കോട്ട്‌ലൻഡിന് കഴിഞ്ഞിരുന്നില്ല.

1998-ൽ നടന്ന ഫ്രാൻസ് ലോകകപ്പാണ് സ്‌കോട്ട്ലൻഡ് അവസാനമായി പങ്കെടുത്ത പ്രധാന ടൂർണമെന്റ്.

യൂറോകപ്പിലാകട്ടെ 1996-ലാണ് ടീം അവസാനമായി പങ്കെടുത്തത്.

യൂറോകപ്പിൽ ഡി ഗ്രൂപ്പിലാണ് സ്‌കോട്ട്ലൻഡ് മത്സരിക്കുക.