കൊച്ചി: വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കു പ്രാമുഖ്യം നൽകി
കോൺഗ്രസ്. കൊച്ചി നഗരസഭായിലെ 63 സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് മേയർ സൗമിനി ജെയിനെ ഒഴിവാക്കി. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ.വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, കെ.ആർ.പ്രേംകുമാർ, പി.ഡി.മാർട്ടിൻ എന്നിവരടങ്ങിയ സ്ഥാനാർത്ഥി പട്ടിക ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദാണു പ്രഖ്യാപിച്ചത്.
63 സ്ഥാനാർഥികളുള്ള പട്ടികയിൽ 48 പേരും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. യൂത്ത് കോൺഗ്രസും കെ.എസ്‍.യുവും ആവശ്യപ്പെട്ട പ്രാമുഖ്യം സ്ഥാനാർത്ഥി നിർണയത്തിൽ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. 9 സിറ്റിംഗ് കൗൺസിലർമാരും 10 മുൻ കൗൺസിലർമാരും പട്ടികയിലിടം നേടിയിട്ടുണ്ട്.
സൗമിനി ജയിനിന് സീറ്റ് നൽകുന്നത് പരിഗണനയിൽ ഇല്ലെന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്ഥാനാർഥിപ്പട്ടിക തയാറാക്കുന്ന ഘട്ടത്തിൽ സ്വീകരിച്ചത്. സീറ്റ് വിഷയത്തിൽ വിവാദങ്ങൾക്കില്ലെന്ന് സൗമിനിയും നേരത്തെ അറിയിച്ചിരുന്നു. അതേസമയം ജില്ലാ പഞ്ചായത്തിലേക്കു മൽസരിക്കുന്ന 18 സ്ഥാനാർഥികളുടെ പേരും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
രണ്ടര വർഷത്തിനു ശേഷം മേയർ സ്ഥാനം മാറുമെന്ന ധാരണയിലായിരുന്നു സൗമിനി ജെയിൻ
നഗരസഭാ നേതൃത്വം ഏറ്റെടുത്തത്. എന്നാൽ ഇതിന് തയാറാകാതിരുന്നതിന്റെ പേരിൽ പിന്നീട് വിവാദങ്ങളും ഏറെയായിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും നിലവിലെ മേയറെ ഒഴിവാക്കിയത്.