ദുബായ്: ഇന്ത്യൻ ജനതയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ദീപാവലി ആശംസകൾ നേർന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യു.എ.ഇയിലെ ജനങ്ങൾക്ക് വേണ്ടി ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളുകളിലേക്ക് നയിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതേസമയം, കൊവിഡ് സുരക്ഷാ മുൻകരുതലുകളോടെ ദീപാവലി ആഘോഷിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക കൂടാതെ ആരോഗ്യ അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ മാർഗനിർദേശങ്ങളും പാലിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചു.
സുരക്ഷിതത്വത്തോടെ ദീപാവലി ആഘോഷിക്കാമെന്നുള്ള വിവിധ പോസ്റ്റുകളും കോൺസുലേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഈ വർഷം 'ഒരു ലോകം, ഒരു കുടുംബം' എന്ന പ്രമേയത്തിലാണ് ഇന്ത്യൻ കോൺസുലേറ്റ് ദീപാവലി ആഘോഷിക്കുന്നത്.