പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. തീർഥാടകർക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്ക് മാത്രമാണ് പ്രവേശന അനുമതി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം. 60നും 65നും മദ്ധ്യേ പ്രായമുള്ളവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. തീർത്ഥാടകർ 24 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. മല കയറുമ്പോൾ മാസ്ക് നിർബന്ധമല്ല. ഉപയോഗിച്ച മാസ്ക് ശേഖരിച്ച് നശിപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കടകളിൽ സാനിറ്റൈസറുകളും മാസ്കുകളും അണുനശീകരണ സാധനങ്ങളും ലഭ്യമാക്കും. മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ തുടങ്ങിയവയും പ്രവർത്തിപ്പിക്കും.
വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും.ശബരിമലയിൽ ഒരേ സമയം നാല് എസ്.പിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഒരുക്കും. മകര വിളക്കു കാലത്ത് നാലു ഘട്ടമായാണ് ക്രമീകരണം. ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേൽനോട്ടം വഹിക്കും. നാളെ മുതൽ നവംബർ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ എസ്.പിമാരായ ആർ. സുകേശൻ, ബി. കൃഷ്ണകുമാർ എന്നിവർക്കാണ് സന്നിധാനത്തെ ചുമതല. കെ.എം. സാബുമാത്യു, കെ.എൽ. ജോൺകുട്ടി എന്നിവർക്ക് പമ്പയുടെ ചുമതല നൽകും.