kamaruddin

കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎയ്‌ക്കെതിരെ 61 കേസുകളിൽ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയിലെ 53 കേസുകളിലും, കാസർകോട്ടെ എട്ടു കേസുകളിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നവംബർ 16ന് അന്വേഷണ സംഘം ഖമറുദീന്റെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. ഒളിവിൽ പോയ ജുവലറി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തങ്ങൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നാണ് സൂചന.

പ്രതികൾക്കെതിരെ രണ്ടു കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു. 2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും, 2016ല്‍ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.

16 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ജുവലറിയിലേക്ക് നിക്ഷേപമായി എത്തിയത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബംഗളൂരുവിൽ പ്രതികൾ ഭൂമി വാങ്ങിക്കൂട്ടിയെന്നും, അതിൽ ഒരുഭാഗം പിന്നീട് മറിച്ചു വിറ്റെന്നും ആക്ഷേപമുണ്ട്.ഖമറുദ്ദീനെ ഒന്നാം പ്രതിയാക്കിയും പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്