തിരുവനന്തപുരം: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ആക്രമണത്തിന് ആഗോള ഭീകര സംഘടനയായ അൽക്വ ഇദ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് 5ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് കൈമാറി. കേരളത്തെ കൂടാതെ പശ്ചിമബംഗാൾ, അസാം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
കേരളത്തിൽ തൊഴിലാളികളെന്ന വ്യാജേന ഒളിച്ചു കഴിഞ്ഞ അൽക്വ ഇദ ബന്ധമുള്ള തീവ്രവാദികളെ കഴിഞ്ഞ മാസം എൻ.ഐ.എ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ബംഗാളിലും തീവ്രവാദികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിൽ അടക്കം ആക്രമണം നടത്താനുള്ള അൽക്വ ഇദ തീവ്രവാദികളുടെ ലക്ഷ്യം വെളിപ്പെട്ടതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അൽക്വ ഇദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ തീവ്രവാദികൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ നടത്താനാണ് അൽക്വഇദയുടെ പദ്ധതി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണ സാദ്ധ്യത പശ്ചിമ ബംഗാളിലാണെന്നാണ് റിപ്പോർട്ട്. ബംഗാളിലെ ഒട്ടുമിക്ക പ്രധാന നേതാക്കളും അൽക്വ ഇദയുടെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭീകരപ്രവർത്തനത്തിന് പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് കേരളത്തിലടക്കം അൽക്വ ഇദയ്ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐ.ബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഐസിസ് ഭീകരരുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെന്നും അവർ ആക്രമണത്തിന് തക്കം പാർക്കുകയാണെന്നും യു.എൻ സമിതി റിപ്പോർട്ട് ജൂലായിൽ പുറത്തു വന്നിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള 150 200 ഭീകരരുടെ സംഘമാണിതെന്നും ഐസിസ്, അൽക്വഇദ ഭീകര സംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യു.എൻ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാണ്ടഹാർ പ്രവിശ്യകളിൽ നിന്ന് പ്രവർത്തിക്കുന്ന താലിബാന്റെ നിയന്ത്രണത്തിലാണ് ഇവരുള്ളത്. ഉസാമ മഹമൂദാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽക്വഇദയുടെ നേതാവ്.