donald-trump

വാഷിം‌ഗ്‌ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ ഡൊണാൾഡ്‌ ട്രംപ് തയ്യാറെടുക്കുന്നതായി സൂചന. കാലം എല്ലാത്തിനും ഉത്തരം നൽകും എന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് മനസ് തുറന്നത്.

"നമ്മൾ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോകില്ല. ഞാനും ഈ ഭരണവും അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം നൽകുക. പക്ഷേ എന്തുതന്നെയായാലും ഈ ഭരണം ലോക്ക‌്ഡൗണിലേക്ക് പോകില്ല" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല. താൻ ജയിക്കുമെന്ന് തന്നെയുളള ആത്മവിശ്വാസമായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് പ്രകടിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താൻ വൈറ്റ് ഹൗസിൽ തുടരുമെന്നു വരെ പറഞ്ഞു. ഇത്തരമൊരു പ്രതികരണങ്ങളിൽ നിന്ന് വലിയ മാറ്റമുണ്ടായി എന്ന് തോന്നുന്നതാണ് ട്രംപിന്റെ വാർത്താ സമ്മേളനത്തിലെ വാക്കുകൾ.