പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേറ്റു. തിരുവല്ല പുലാത്തീൻ ചർച്ചിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. കാലം ചെയ്‌ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആയത്. മാർത്തോമ സഭയുടെ ഇരുപത്തിരണ്ടാമത്തെ പരമാദ്ധ്യക്ഷനാണ് അദ്ദേഹം.
ആത്മീയ വഴിയിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അഭ്യർത്ഥിച്ചു. രാവിലെ എട്ട് മണിയ്‌ക്ക് വിശുദ്ധ കുറുബാനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സഭയിലെ മുതിർന്ന എപ്പിസ്‌കോപ്പ യുയാക്കീ മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.
കുർബാന മദ്ധ്യേ ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസിനെ മാർത്തോമ്മയായി നാമകരണം ചെയ്തു. പതിനൊന്ന് മണി മുതൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ സാമുദായിക സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സഭയിൽ ഒരു മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.