കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് കോട്ടയത്ത് യു ഡി എഫിൽ തമ്മിലടി. ജില്ലാ പഞ്ചായത്തിലേക്ക് ഒമ്പത് സീറ്റുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോൺഗ്രസ് നൽകിയത്. ജോസഫ് പരമാവധി ആറ് സീറ്റ് പ്രതീക്ഷിച്ചിരുന്നിടത്താണ് കോൺഗ്രസ് ഒമ്പത് സീറ്റുകൾ നൽകിയത്. ഇതോടെ കോട്ടയത്ത് മുസ്ലീം ലീഗിന് മുന്നണിയിൽ ഉണ്ടായിരുന്ന പ്രസക്തി നഷ്‌ടമായി.
മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ എരുമേലി ജോസഫ് വിഭാഗത്തിന് നൽകാനുളള തീരുമാനത്തെ ലീഗ് ശക്തമായി എതിർക്കുകയാണ്. തങ്ങളിൽ നിന്ന് എരുമേലി സീറ്റ് ഏറ്റെടുത്താൽ അഞ്ച് ഡിവിഷനിൽ നിന്ന് ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് മുസ്ലീം ലീഗിന്റെ ഭീഷണി. ഇതോടെ സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെട്ടു.
ഇന്നലെ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് നേരിട്ട് ചർച്ച നടത്തി. ഇന്ന് രാവിലെ വീണ്ടും ഉമ്മൻചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിൽ ചർച്ചകൾ നടന്നു. ലീഗിന് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. ലീഗ് നേതാക്കളെ കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിച്ചെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. അതേസമയം പ്രാദേശിക നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.