മലയാള സിനിമയിൽ ചരിത്രവിജയം കുറിച്ച ദി കിംഗിന്റെ 25-ാം വർഷത്തിൽ തിരക്കഥാകൃത്ത് രൺജി പണിക്കർ സംസാരിക്കുന്നു
" ദി കിംഗിലെ പ്രശസ്തമായ ആ സംഭാഷണം എഴുതാൻ ഞാൻ രാവിലെ മുറിയിൽ കയറി കതകടച്ചു.വൈകിട്ട് അഞ്ചുമണിയോടെയാണ് അതെഴുതി പൂർത്തിയാക്കിയത്.മമ്മൂട്ടിയടക്കമുള്ള ആർട്ടിസ്റ്റുകൾ വെയിറ്റു ചെയ്യുന്നുണ്ടായിരുന്നു.മമ്മൂക്കയോട് ഞാൻ വിളിച്ചു പറഞ്ഞിരുന്നു രാവിലെ ഷൂട്ട് ഉണ്ടാകില്ലെന്ന് .കോഴിക്കോട് മഹാറാണിയിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അടുത്തമുറിയിൽ നടൻ മുരളിയുണ്ടായിരുന്നു.എഴുതിക്കഴിഞ്ഞയുടൻ ഞാൻ മുരളിയെ വിളിച്ചു കേൾപ്പിച്ചു.മുരളി ത്രിൽഡ് ആയി.പ്രത്യേക കഥാസന്ദർഭം അല്ലെങ്കിലും എനിക്കു പറയാനുള്ള കാര്യങ്ങൾ പറയാൻ ഞാൻ എന്റെ തിരക്കഥയിൽ അവസരമൊരുക്കാറുണ്ട്.തിരക്കഥയുടെ നിയതമായ ചട്ടക്കൂടിൽ ഒതുങ്ങുന്നതല്ലെങ്കിലും-." .രൺജി പണിക്കർ സംസാരിക്കുകയായിരുന്നു.മലയാള സിനിമയിൽ താരപരിവേഷമുള്ള തിരക്കഥാകൃത്താണ് രൺജി പണിക്കർ.ഷാജികൈലാസുമൊത്ത് രൺജി അവതരിപ്പിച്ച കഥാപാത്രങ്ങളും അവർ ഉരുവിട്ട സംഭാഷണങ്ങളും തിയറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്..കിംഗ് റിലീസ് ചെയ്ത് കാൽ നൂറ്റാണ്ടായ ഈ വേളയിൽ കിംഗിനെ സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് രൺജി മറുപടിനൽകി.
.കിംഗിലെ പ്രശസ്തമായ ഡയലോഗ് ഇതായിരുന്നു.മമ്മൂട്ടി പറഞ്ഞ ആ ഡയലോഗ് ഇന്നും ആരാധകർ ആവർത്തിക്കുന്നുണ്ട്.
" അക്ഷരങ്ങളച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും
നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ.
കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ.
കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും
തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ.
ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ.
വളർത്തു നായ്ക്കുകൊടുക്കുന്ന ബേബി ഫുഡ്ഡിൽ
കൊഴുപ്പിന്റെ അളവു കൂടിപ്പോയതിന് ഭർത്താവിനെ ശാസിച്ച്
അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല;
മക്കൾക്കൊരുനേരം വയറു നിറച്ചു വാരിയുണ്ണാൻ വകതേടി
സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ! " -
വൈകിട്ട് അഞ്ചുമണിയോടെ സംഭാഷണം പൂർത്തിയായി.അപ്പോൾ തന്നെ ഷൂട്ടിംഗ് നടന്നു.മമ്മൂക്കയും ത്രിൽഡ് ആയിരുന്നു .മമ്മൂട്ടിയും വാണിവിശ്വനാഥും തമ്മിലുള്ള ഒരു വാക്പ്പോരെന്നേ ആദ്യം കുറിച്ചിരുന്നുള്ളു.പിന്നീടാണ് ആ സംഭാഷണത്തിലേക്ക് എത്തിയത്.
ജോസഫ് അലക്സിന് മാതൃകയില്ല
മമ്മൂട്ടി അവതരിപ്പിച്ച കളക്ടർ ജോസഫ് അലക്സ് അന്ന് സിവിൽ സർവ്വീസിലുള്ള ആരെയും മാതൃകയാക്കി എഴുതിയ കഥാപാത്രമായിരുന്നില്ല. ജില്ലാകളക്ടർക്കുള്ള അധികാരങ്ങളെക്കുറിച്ച് വായിച്ചപ്പോഴാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയിലുള്ള വിശാലമായ അധികാരങ്ങൾ മനസിലായത്.സിവിൽസർവീസിൽ ഡൗൺ ടു ഏർത്തായവരും,സാമൂഹ്യ പ്രതിതിബദ്ധതയുള്ളവരും വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നവരുമൊക്കെ ഉണ്ടെന്നറിയാം.എന്നാൽ അഗ്രസീവായ കളക്ടർ.അതായിരുന്നു എന്റെ ജോസഫ് അലക്സ്. സിവിൽ സർവീസുകാരെ പൊതുവെ സ്വർഗജാതരെന്നു വിശേഷിപ്പിക്കാറുണ്ട്.ജോസഫ് അലക്സ് അങ്ങനെയുള്ള ഒരാളല്ല.അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മൾ പറയുന്നുണ്ടല്ലോ.ഇന്ത്യയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാതെ ജനസേവനത്തിനിറങ്ങുന്നവരെയാണ് ജോസഫ് അലക്സ് തന്റെ സംഭാഷണത്തിലൂടെ വിമർശിക്കുന്നത്.
പപ്പുവിന്റെ വേഷം
കുതിരവട്ടം പപ്പു അവതരിപ്പിച്ച സ്വാതന്ത്ര്യസമരസേനാനി നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള കഥാപാത്രമാണ്.സ്വാതന്ത്ര്യത്തിനു വേണ്ടി കണ്ണുമടച്ച് ഇറങ്ങിത്തിരിച്ചവരുടെ ,സമരത്തിലേക്ക് എടുത്തുചാടിയവരുടെ ഒരു പ്രതിനിധി.ആ തലമുറയെ അവഗണിച്ചു മുന്നിൽ വന്ന ഒരുവിഭാഗം രാഷ്ട്രീയവും അധികാരവുമൊക്കെ കയ്യാളി.ഒന്നും നേടാത്ത പഴയ ആ തലമുറയുടെ നിസഹായതയും രോഷവുമെല്ലാം പപ്പുവേട്ടൻ മനോഹരമായി അവതരിപ്പിച്ചു.അസാധ്യമായ അഭിനയശേഷിയുള്ള നടനായിരുന്നു പപ്പുവേട്ടൻ.ആ സിനിമയുടെ ഡബ്ബിംഗിൽ കഥാപാത്രം എവിടെയൊക്കെയാണ് ചുമയ്ക്കുന്ന രംഗങ്ങൾ എന്ന് ചോദിച്ചു.ചുമയ്ക്കുന്ന ഭാഗങ്ങൾ ഞാൻ റഫ് ട്രാക്ക് ചെയ്തുകൊടുത്തിരുന്നു.അന്ന് ഇന്നത്തെപ്പോലെ സാങ്കേതിക സംവിധാനങ്ങൾ വിപുലമായിരുന്നില്ലല്ലോ.