vaccination

ന്യൂഡൽഹി: കൊവിഡ് വാക്‌സിനുകളിൽ അമേരിക്ക വികസിപ്പിച്ചെടുക്കുന്ന മോഡേണ വാക്‌സിൻ പരീക്ഷണത്തിൽ സന്നദ്ധനായ വിദ്യ‌ാർത്ഥിയുടെ അനുഭവം ശ്രദ്ധേയമാകുന്നു. നോർത്ത് കരോലിന സർവകലാശാലയിലെ വിദ്യാർത്ഥിയായ ജാക്ക് മോണിംഗ്‌സ്‌റ്റാറാണ് ആദ്യഘട്ട വാക്‌സിൻ പരീക്ഷണത്തിലെ തന്റെ അനുഭവം ടി.വി ഷോയായ ഫോക്‌സ് ആന്റ് ഫ്രണ്ട്സിൽ പങ്കുവച്ചത്. 'ആദ്യഘട്ട പരീക്ഷണമാണ് എനിക്ക് നടത്തിയത്. കുത്തിവച്ച ശേഷം അൽപം ക്ഷീണം അനുഭവപ്പെട്ടു. പി‌റ്റേന്ന് നല്ല പനിയുണ്ടായി. എന്നാൽ മരുന്നുകൾ കഴിച്ച് അവ അക‌റ്റാനായി. വാക്‌സിൻ കുത്തിവച്ച ഭാഗത്തിന് ചു‌റ്റും നല്ല വേദനയുമുണ്ടായിരുന്നു.'

വാക്‌സിൻ കുത്തിവച്ചതോടെ ശക്തമായ പനിയുണ്ടായതിനെ തുടർന്ന് പരീക്ഷണ സമയത്ത് രണ്ടുതവണ കൊവിഡ് പരിശോധന നടത്തി. രണ്ടുവട്ടവും നെഗ‌റ്റീവായിരുന്നെന്നും ജാക്ക് പറഞ്ഞു. അനുഭവം ഇങ്ങനെയെങ്കിലും ജീവൻ രക്ഷിക്കാനായി കൊവിഡ് വാ‌ക്‌സിൻ ലഭ്യമായാലുടൻ കുത്തിവയ്‌പ്പെടുക്കണമെന്ന് ജാക്ക് എല്ലാവരോടും അഭ്യർത്ഥിച്ചു. ഫിസറിന്റെ വാക്‌സിൻ 90 ശതമാനത്തോളം ഫലപ്രാപ്‌തി നൽകുമ്പോൾ മോഡേണ വാക്‌സിൻ എത്രത്തോളം ഫലപ്രാപ്‌തി നൽകുന്നുവെന്നാണ് ലോകം ഉ‌റ്റുനോക്കുന്നത്. മോഡേണയുടെ മൂന്നാംഘട്ട പരീക്ഷണം വൈകാതെ ആരംഭിക്കും. 30,000 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുക.

വാക്‌സിൻ എത്തും മുൻപ് ഇന്ത്യക്കാരിൽ ആർജിത പ്രതിരോധശേഷി ഉണ്ടായേക്കുമെന്നും എയിംസ് മേധാവി

നിലവിലെ സ്ഥിതിയനുസരിച്ച് കൊവിഡ് വാക്‌സിൻ വരും മുൻപ് തന്നെ രാജ്യത്തെ ജനങ്ങൾക്ക് ആർജിത പ്രതിരോധശേഷിയുണ്ടാകുമെന്ന് എയിംസ് മേധാവി രൺദീപ് ഗുലേരിയ അഭിപ്രായപ്പെട്ടു. എന്നാൽ ആ‌ർജിത പ്രതിരോധ ശേഷി നേടുന്നതിലും വെല്ലുവിളികളുണ്ടെന്ന് അദ്ദേഹം പറയുന്നു. 'വൈറസിന് എങ്ങനെ പരിവർത്തനം സംഭവിക്കുന്നു എന്നത് ഒരു വെല്ലുവിളിയാണ്. വീണ്ടും രോഗബാധയ്‌ക്കുള‌ള സാദ്ധ്യത അപ്പോൾ വലുതായുണ്ട്. അതോടെ നമുക്ക് വീണ്ടും വാക്‌സിനെടുക്കേണ്ടി വരും. വരുംനാളുകളിൽ വൈറസ് എത്തരത്തിലാണ് നമ്മെ ബാധിക്കുന്നത് എന്ന് പഠിക്കുകയാണ്.' ഗുലേരിയ അഭിപ്രായപ്പെട്ടു.

ഇതിനിടെ വാക്‌സിൻ ഗവേഷണത്തിനായി കേന്ദ്രസർക്കാർ 120 മില്യൺ ഡോളർ ഗ്രാന്റായി മാ‌റ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ അറിയിച്ചു. അതേസമയം ആസ്ട്ര സിനിക്കയുടെ പത്ത് കോടി വാക്‌സിൻ നിർമ്മിക്കാൻ ലോകത്തെ ഏ‌റ്റവും വലിയ വാക്‌സിൻ നിർമ്മാണ കമ്പനിയായ സെറം തീരുമാനിച്ചു. രാജ്യത്ത് ഡിസംബർ മാസത്തോടെ ആരംഭിക്കുന്ന വാക്‌സിൻ വിതരണ ക്യാമ്പെയിനിൽ ഇത് വിതരണം ചെയ്യാമെന്ന് കരുതുന്നു. ഓക്‌സ്‌ഫോർഡ് സർവകലാശാല നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്‌സിനാണ് ആസ്ട്ര സിനിക്കയുടെത്. നിലവിൽ വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് നടക്കുകയാണ്. ഡിസംബർ മാസത്തോടെ വാക്‌സിന് കേന്ദ്രം അംഗീകാരം നൽകുമെന്നാണ് കമ്പനി കരുതുന്നത്.

അമേരിക്കയിൽ ഡിസംബറോടെ രണ്ട് കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകും

വാക്‌സിൻ പരീക്ഷണങ്ങൾ തകൃതിയായി നടക്കുന്ന അമേരിക്കയിൽ ഡിസംബർ മാസത്തോടെ രണ്ട് കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകമാെന്ന് പ്രതീക്ഷിക്കുന്നതായി ഓപ്പറേഷൻ വാർപ് സ്‌പീഡ് മുഖ്യോപദേഷ്‌ടാവ് മോൻസെഫ് സ്ളാവോയി പറഞ്ഞു. തുടർന്നുള‌ള ഓരോ മാസവും രണ്ടര കോടി ജനങ്ങൾക്ക് വീതം വാക്‌സിൻ നൽകാനാണ് പദ്ധതി. മാർച്ച് മാസത്തോടെ കൂടുതൽ വാക്‌സിനുകൾക്ക് അംഗീകാരം ലഭിച്ചാൽ കൂടുതൽ വേഗത്തിൽ വാക്‌സിൻ നൽകാനാകും.

അതേസമയം ഏപ്രിലോടെ വാക്‌സിനുകൾ അമേരിക്കയിൽ തയ്യാറാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഏപ്രിൽ മാസത്തോടെ മുഴുവൻ ജനങ്ങൾക്കും വാക്‌സിനുകൾ എത്തിക്കാനാണ് ശ്രമമെന്ന് ട്രംപ് അറിയിച്ചു.

ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ലഭിക്കാൻ കാത്തിരിക്കണം

പരീക്ഷണ ഘട്ടത്തിൽ വിജയം കണ്ട കൊവിഡ് വാക്‌സിനുകൾ സമ്പന്ന രാജ്യങ്ങൾ വലിയ അളവിൽ ബുക്ക് ചെയ്‌തു കഴിഞ്ഞു. അതിനാൽ ദരിദ്ര രാജ്യങ്ങൾക്ക് ഇവ ലഭിക്കാൻ അൽപം കാത്തിരിക്കേണ്ടി വരുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഫിസറിന്റെ 11 കോടി വാക്‌സിനാണ് സമ്പന്ന രാജ്യങ്ങൾ ഇപ്പോഴേ ബുക്ക് ചെയ്‌തിരിക്കുന്നത്. അതേ സമയം ബ്രസീലിൽ വാക്‌സിൻ വിതരണത്തിനായി ഫിസർ ബ്രസീലുമായി ചർച്ചകൾ തുടങ്ങി. അടുത്ത വർഷം ആദ്യം രാജ്യത്ത് വാക്‌സിനെത്തിക്കാനാണ് ബ്രസീൽ സർക്കാർ ശ്രമിക്കുന്നത്.

അതേസമയം അടുത്തവർഷം അവസാനത്തോടെ ഓരോ രാജ്യവും അവരുടെ ജനസംഖ്യയുടെ 20 ശതമാനത്തെയെങ്കിലും വാക്‌സിൻ പ്രതിരോധത്തിൽ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടു.