ഗൺമാന്റെ ഫോൺ കസ്റ്റംസ് തിരികെ നൽകിയതിന് പിന്നാലെ പരിഹാസ രൂപേണയുളള ഫേസ്ബുക്ക് പോസ്‌റ്റുമായി മന്ത്രി കെ ടി ജലീൽ. ആകാശം ഇടിഞ്ഞുവീണിട്ടില്ലെന്നും ഭൂമി പിളർന്നിട്ടില്ലെന്നുമുള്ള തലക്കെട്ടിലാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ "അഭ്യുദയകാംക്ഷികളെ"യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെ തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നുവെന്നാണ് ജലീൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. എൻഫോഴ്‌സ്‌മെന്റ് കേസ് നേരിടുന്ന കെ എം ഷാജിയേയും പരിഹസിച്ചാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല.
-----------------------------------------
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ "അഭ്യുദയകാംക്ഷികളെ"യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു സത്യമേവ ജയതെ.