തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്‌ക്കുന്നതിന് സി.എ.ജിയെ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. തൽപര കക്ഷികൾ ഇതിനായി ശ്രമിക്കുകയാണ്. രാഷ്‌ട്രീയ ഗൂഢാലോചനയാണ് കിഫ്‌ബിക്കെതിരെ നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ബിജെപിയും കോൺഗ്രസും ചേർന്ന് ഇതിന് ശ്രമിക്കുകയാണ്. കിഫ്‌ബിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ മൂന്ന് കേസുകൾ ഇതിനുദാഹരണമാണെന്നും തോമസ് ഐസക് പറഞ്ഞു.വികസന പദ്ധതികൾക്കായി വായ്‌പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേസിലെ ആവശ്യം. കേസ് നൽകിയത് ബിജെപിക്കാരനും വക്കാലത്ത് എടുത്തത് കെ.പി.സി.സി ജനറൽസെക്രട്ടറി മാത്യു കുഴൽനാടനാണെന്നും ധനമന്ത്രി ആരോപിച്ചു. വികസന പദ്ധതികൾക്ക് വായ്‌പയെടുക്കുന്നത് എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് പ്രതിപക്ഷനേതാവ് അറിയിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികളെ തകർക്കാൻ ഇ ഡിയുടെ ശ്രമമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. ലൈഫ്, കെ ഫോൺ, ടോറസ് ഐ.ടി പാർക്ക്, ഇ മൊബിലിറ്റി എന്നീ പദ്ധതികളിലാണ് എൻഫോഴ്‌സ്‌മെന്റ് ഇടപെടുന്നത്.
സി.എ.ജിയുയെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസിലുളളവർ തമ്മിൽ നല്ല അടുപ്പമുണ്ടെന്ന് തോമസ് ഐസക്ക് ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അധികാരം കവർന്നെടുക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ ശ്രമത്തെ സംസ്ഥാന സർക്കാർ പ്രതിരോധിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.