mohanlal-jewellers

ചെന്നൈ: തമിഴ്‌നാട് കേന്ദ്രീകരിച്ചുളള സ്വർണ മൊത്ത വ്യാപാര കേന്ദ്രത്തിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ അനധികൃത സ്വത്തിന്റെ മൂല്യം അഞ്ഞൂറ് കോടി കടന്നു. രാജ്യത്തേക്കുളള സ്വർണവരവിന് ചുക്കാൻ പിടിക്കുന്നവരിൽ പ്രമുഖനും മൊത്ത വ്യാപാരിയുമായ മോഹൻലാൽ ജുവലേഴ്‌സിലാണ് കഴിഞ്ഞ രണ്ട് ദിവസമായി ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. രേഖകളിൽ കാണിച്ചതിന്റെ ഇരട്ടി സ്വർണമാണ് പിടിച്ചെടുത്തത്.

814 കിലോ രേഖകളിൽ ഇല്ലാത്ത സ്വർണം പിടികൂടിയെന്നാണ് വിവരം. രേഖകളില്ലാതെ സ്വർണം വിറ്റതിന്റെ നിരവധി തെളിവുകളും സംഘം കണ്ടെടുത്തു. ചെന്നൈയിലെ ആസ്ഥാനത്തിന് പുറമെ മുംബയ്, കൊൽക്കത്ത, കോയമ്പത്തൂർ , സേലം, തിരുച്ചിറപ്പളളി, മധുര,തിരുനൽവേലി എന്നിവിടങ്ങളിലെ ഓഫീസുകളിലും ജുവലറികളിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ചെന്നൈയിലെ ഓഫീസിലെ കമ്പ്യൂട്ടറിൽ കഴിഞ്ഞ വർഷം 102 കോടി രൂപയുടെ ഇടപാട് നടന്നതായാണ് കാണിക്കുന്നത്.

രേകഖളിൽ ഇല്ലാത്ത 814 കിലോ സ്വർണത്തിന് നാന്നൂറ് കോടി രൂപ മൂല്യം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടൽ. ബിസിനസ് ഇടപാടുകളുടെ ഭാഗമായുളള സ്വർണമാണെന്നും ഇതു സാധാരണ കണക്കിൽപ്പെടുമോയെന്നത് വിശദമായ പരിശോധനകൾക്ക് ശേഷമേ പറയാൻ സാധിക്കുകയുളളൂവെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സൈബർ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ രേഖകളിൽ കാണിക്കാതെ നടത്തിയ ഇടപാടിന്റെ തെളിവുകൾ കമ്പ്യൂട്ടറിൽ കണ്ടെത്തിയിട്ടുണ്ട്.