kunjalikkutty

മലപ്പുറം: കെ എം ഷാജി എംഎൽഎയുമായി ബന്ധപ്പെട്ട കേസ് യോഗത്തിൽ ചർച്ച ചെയ്‌തെന്നും, ഷാജിയുടെ വിശദീകരണത്തിൽ പാർട്ടി പൂർണ തൃപ്തരാണെന്നും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്ത് സംസ്ഥാന സർക്കാർ പ്രതികാരം ചെയ്യുകയാണെന്നും രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റേത് നെറികെട്ട നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.ലീഗിന്റെ എംഎൽഎമാരും നേതാക്കൾക്കുമൊക്കെ എതിരായി സർക്കാർ കേസുണ്ടാക്കുന്നുണ്ട്. എന്ത് തരം കേസാണെന്ന് ജനങ്ങൾ കാണണം.സ്വർണക്കടത്ത് പോലുള്ള കേസുകൾ പ്രതിരോധിക്കാനാണ് നിസാരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസെടുക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

ലീഗ് നേതാക്കൾക്കെതിരെയുള്ള കേസുകൾ സർക്കാരിനെതിരെയുള്ള കേസുകളെ മറപിടിക്കാൻ വേണ്ടി ഉണ്ടാക്കുന്നതാണെന്ന് ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. 'ഇവരുടെ പേരിൽ പല കേസുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കേസ്,കള്ളക്കടത്ത് കേസ്, മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള കേസ്.ഇതെല്ലാം ഇവരെ വലയം ചെയ്തപ്പോൾ അതിനെ മറപിടിക്കാൻ വേണ്ടി രാഷ്ട്രീയ എതിരാളികളുടെ പേരിൽ സർക്കാർ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. എൽഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് പന്ത്രണ്ട് യുഡിഎഫ് എംഎൽഎമാർ അറസ്റ്റിലാകുമെന്ന്. അതിന്റെ അർത്ഥമെന്താണ്.രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കി കൊടുക്കുകയാണെന്നല്ലേ'-അദ്ദേഹം പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയായിരുന്നു നേതാക്കളുടെ പ്രതികരണം. യോഗത്തില്‍ കെ എം ഷാജിയെ വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു. യൂത്ത് ലീഗിന്‍റെ സെക്രട്ടറിയാണ് നിലവിൽ കെഎം ഷാജി.