അതിവേഗ വാഹനമായ ഹൈപ്പർ ലൂപ്പിൽ യാത്രക്കാരെ കയറ്റിയുള്ള പരീക്ഷണയോട്ടം വിജയം. അമേരിക്കയിലെ ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള 'വിർജിൻ ഹൈപ്പർലൂപ്പ്' സൂപ്പർ ഹൈസ്പീഡ് പോഡ് സംവിധാനത്തിലൂടെ യാത്രക്കാരുമായി പരീക്ഷണ ഒാട്ടം നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. ലാസ് വേഗസിൽ നടന്ന 500 മീറ്റർ പരീക്ഷണ ഓട്ടത്തിൽ വിർജിൻ ഹൈപ്പർലൂപ് ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള 150 കിലോമീറ്റർ ഹൈപ്പർ ലൂപ് പാതയുടെ ആദ്യഘട്ടം വൈകാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ 1,200 കിലോമീറ്റർ വരെ വേഗത്തിൽ യാത്ര ചെയ്യാവുന്ന ഹൈപ്പർലൂപ്പിൽ 12 മിനിറ്റ് കൊണ്ടു 126 കിലോമീറ്റർ താണ്ടി അബുദാബിയിൽ നിന്നു ദുബായിലെത്താം.പ്രത്യേകമായി രൂപകല്പന ചെയ്ത ടണലിലൂടെയാണ് യാത്ര. വായുരഹിത കുഴലിൽ കാന്തികശക്തി ഉപയോഗിച്ച് കാബിനെ അതിവേഗത്തിൽ മുന്നോട്ടു ചലിപ്പിക്കുന്നു. ഇതിനു പ്രത്യേക മോട്ടോർ ഉപയോഗിക്കുന്നു. വായു രഹിത സംവിധാനത്തിൽ ഒരു വസ്തുവിനെ പ്രതലത്തിൽ നിന്നുയർത്തി വെടിയുണ്ട കണക്കെ മുന്നോട്ടു പായിക്കുന്ന സാങ്കേതികവിദ്യയാണിത്.
സ്ത്രീകളും കുട്ടികളും വൃദ്ധരും
ഇനി സ്റ്റേഷനിലേക്ക് വരേണ്ട
നിസാര കാര്യങ്ങൾക്ക് പൊലീസ് ആരെയും അറസ്‌റ്റ് ചെയ്യരുതെന്നും, അറസ്റ്റിലാകുന്നവർക്ക് ദിവസവും ഭക്ഷണം, കുളി, അടിവസ്ത്രം മാറ്റാൻ സൗകര്യം എന്നിവ ലഭ്യമാക്കണമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗരേഖ.
അന്യായ അറസ്‌റ്റ് തടയാനും ലോക്കപ്പ് മർദ്ദനങ്ങളും പീഡനങ്ങളും കുറയ്‌ക്കാനും കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള കരട് മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ്(ബി.പി.ആർ.ഡി) തയ്യാറാക്കി. സ്‌ത്രീകൾ, 15വയസിന് താഴെയുള്ള കുട്ടികൾ, 65വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. വീട്ടിൽച്ചെന്ന് ചോദ്യം ചെയ്യണം. സ്‌ത്രീകളെ അറസ്‌റ്റു ചെയ്യേണ്ടത് വനിതാ പൊലീസ് ഓഫീസർ. വനിതാ ഓഫീസറില്ലെങ്കിൽ അറസ്‌റ്റിലാകുന്ന സ്‌ത്രീയ്‌ക്ക് നടപടികൾ തീരും വരെ കൂട്ടിരിപ്പുകാരിയെ വയ്‌ക്കണം.
ഫെർണാണ്ടോ സൊളാനസിന് വിട
ലോകപ്രശസ്ത അർജന്റീനിയൻ ചലചിത്ര സംവിധായകൻ ഫെർണാണ്ടോ പിനോ സൊളാനസ് അന്തരിച്ചു. യുനെസ്കോയിൽ അർജന്റീനയുടെ അംബാസഡറായിരിക്കെയാണ് കോവിഡ് ബാധിച്ചുള്ള മരണം.
മൂന്നാം ലോക സിനിമകളുടെ ഇതിഹാസ നായകനായി അറിയപ്പെടുന്ന സൊളാനസ് 2019 തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സംവിധായക പുരസ്കാരമുൾപ്പെടെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ അർജന്റീനയിലെ ഭരണകക്ഷിയായ ഇടതുപാർട്ടി അംഗമാണ്.
ഷിപ്പിംഗ് മന്ത്രാലയത്തിന് പുതിയ പേര്
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പേര് പരിഷ്കരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. തുറമുഖ, കപ്പൽ, ഉൾനാടൻ ജലഗതാഗത മന്ത്രാലയം എന്നായിരിക്കും പുതിയ പേര്.
പേരിലുള്ള മാറ്റം പോലെ തന്നെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ജോലിയിലും മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂറത്തിലെ ഹസിറയ്ക്കും ഭവ്‌നഗർ ജില്ലയിലെ ഘോഗയ്ക്കും ഇടയിലെ റോപാക്‌സ് ഫെറി ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഉപഗ്രഹ വിക്ഷേപണം പുനഃരാരംഭിച്ചു
ഐ.എസ്.ആർ.ഒ. ഉപഗ്രഹ വിക്ഷേപണം കഴിഞ്ഞയാഴ്ച പുനഃരാരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്ന് ഇന്ത്യയുടെ ഇ.ഒ.എസ്. 01ഉപഗ്രഹവും ഒൻപത് വാണിജ്യ ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി.സി.49 റോക്കറ്റ് കുതിച്ചുയർന്നു.
കഴിഞ്ഞ വർഷം ഡിസംബർ 11ന് റിസാറ്റ് 2ബി.ആർ.1 വിക്ഷേപിച്ചതിന് ശേഷം ആദ്യമായാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടക്കുന്നത്. ഇക്കൊല്ലം ജനുവരിയിൽ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ജി - സാറ്റ് 30 വിക്ഷേപിച്ചിരുന്നു. പി.എസ്.എൽ.വിയുടെ തുടർച്ചയായ 51മത്തെ വിക്ഷേപണമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയരുമ്പോൾ തുമ്പയിലെ വി.എസ്.എസ്.സി.കേന്ദ്രത്തിലെ ലോഞ്ച് കൺട്രോൾ സെന്ററിൽ നിന്നായിരിക്കും ഇനി മുതൽ നിയന്ത്രിക്കുന്നത്. ആദ്യമായാണ് ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയ്ക്ക് പുറത്ത് റോക്കറ്റ് നിയന്ത്രണ കേന്ദ്രം തുറക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും ശ്രീഹരിക്കോട്ടയിലേക്ക് പോകാൻ തടസം നേരിട്ടതാണ് കാരണം