india-siachin

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ കിഴക്കൻ ലഡാക്കിലെ താപനില കഴിഞ്ഞ ദിവസങ്ങളിൽ പൂജ്യത്തിലും താഴെയായിരുന്നു. രക്തം പോലും മരവിക്കുന്ന അതിശക്തമായ ശീതകാ‌റ്റുമുണ്ട്. എന്നിട്ടും തങ്ങളുടെ സ്ഥാനത്ത് നിന്നും ഒരിഞ്ച് പിന്മാറാതെ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. നിരന്തരം സംഘർഷസാദ്ധ്യതയുള‌ളയിടത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിന്മാറാൻ തീരുമാനിച്ചു എന്ന് ചില കേന്ദ്രങ്ങളിൽ നിന്നും വാർത്തകൾ വന്നിരുന്നെങ്കിലും സ്ഥലത്ത് അതിന്റെ സൂചനയില്ല. ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്ര-സൈനിക ചർച്ചകൾ എട്ട് റൗണ്ട് കഴിഞ്ഞെങ്കിലും കാഴ്‌ചയിൽ സംഘർഷ തീവ്രത കുറയ്‌ക്കുന്നതോ സൈനിക പിന്മാ‌റ്റമോ ഒന്നും നടന്നിട്ടില്ല.

കൊടും മഞ്ഞിനെ നേരിടാനുതകുന്ന ടെന്റുകളും ഇഗ്ളുവും തയ്യാറാക്കി ഇന്ത്യൻ സൈന്യം ഇവിടെത്തന്നെ തുടരുകയാണ്. പ്രത്യേക സേനകൾക്കൊപ്പം ഇന്ത്യൻ സൈന്യത്തെയും യഥാർത്ഥ നിയന്ത്രണ രേഖയിൽ ഉടനീളം വിന്യസിച്ചിട്ടുണ്ട്. സൈനിക നീക്കത്തിന് സഹായമായി ഹൈ മൗണ്ടൻ പാസ്- മാർസിമി‌ക ലാ, ചാങ് ലാ, ഖാർദുംഗ് ലാ എന്നീ റോ‌ഡുകൾ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഈ തണുപ്പ് കാലത്തും തുറന്ന് കൊടുത്തിരിക്കുകയാണ്.

സൈനിക പിന്മാ‌റ്റത്തിന്റെ വാർത്തകൾ ഊഹാപോഹങ്ങളാണ്. ഇന്ത്യൻ സൈന്യം അതിന്റെ സൈനിക വിന്യാസത്തിൽ അതിർത്തിയിലോ മ‌റ്റിടങ്ങളിലോ ഒരു മാ‌റ്റവും വരുത്തിയിട്ടില്ലെന്ന് ഉന്നത സൈനികോദ്യോഗസ്ഥർ സൂചിപ്പിച്ചു. കാരണം ഗോഗ്ര-ഹോട്ട് സ്‌പ്രിംഗ്സ വടക്കൻ പാംഗോംഗ് ത്‌സോയിലും തെക്കൻ പാംഗോംഗ് ത്‌സോയിലം ചൈനീസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. ഇരു രാജ്യത്തെ സൈനികരും തമ്മിൽ സംഘർഷമുണ്ടായ ഗാൽവൻ മേഖലയിലും പാങ്‌ഗോംഗ് ത്‌സോയിലെ ഫിംഗർ ഫോറിലെ ഇടങ്ങളിലും സൈനികരെ തയ്യാറാക്കി നിർത്തിയിരിക്കുക തന്നെയാണ് ഇന്ത്യ.