തിരുവനന്തപുരം: കൊവിഡ് രോഗം ബാധിക്കുന്നവരെ വീട്ടിൽ ചികിത്സിക്കാൻ അനുമതി നൽകിയതോടെ സംസ്ഥാനത്തെ കൊവിഡ് കെയർ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) ക്രമേണ പൂട്ടാനൊരുങ്ങി സർക്കാർ. ആദ്യഘട്ടത്തിൽ 158 സി.എഫ്.എൽ.ടി.സികളാണ് പൂട്ടാൻ സർക്കാർ ആലോചിക്കുന്നത്.
55,000 പേർ വീട്ടുചികിത്സയിൽ
ഏതാണ്ട് 55,000 പേർ ഇപ്പോൾ കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലുണ്ട്. എല്ലാ സി.എഫ്.എൽ.ടി.സികളിലുമായി 24,935 കിടക്കകളാണുള്ളത്. ഇതിലാകട്ടെ 15,018 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. വീട്ടുചികിത്സ കൂടി പ്രാബല്യത്തിൽ ആയതോടെയാണ് ഇത്രയും കിടക്കകൾക്ക് ആവശ്യക്കാരില്ലാതെ വന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും പൂട്ടും
സി.എഫ്.എൽ.ടി.സികളാക്കി മാറ്റിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളുമാണ് ആദ്യഘട്ടത്തിൽ പൂട്ടുക.
160 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇപ്പോൾ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നത്.
കൊവിഡ് വ്യാപനം കുറയുന്നതോടെ സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് തയ്യാറെടുക്കുന്നതിന് വേണ്ടിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെങ്കിലും അവയെല്ലാം അണുവിമുക്തമാക്കി ഏത് സമയത്തും പഠനത്തിനായി പൂർണ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലപ്പുറം മോഡൽ വ്യാപിപ്പിക്കും
ഒരു കൊവിഡ് കെയർ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ പോലുമില്ലാത്ത മലപ്പുറത്തെ മാതൃകയാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മലപ്പുറത്ത് ദ്വിതീയ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും ഡൊമിസിലിറി കെയർ സെന്ററുകൾ എന്നിവയാണ് മലപ്പുറത്തുകാർ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. സി.എഫ്.എൽ.ടി.സികൾ അനാവശ്യമാണെന്നും കൊവിഡും അതിനൊപ്പം വരുന്ന അനുബന്ധ രോഗങ്ങളും ഉള്ളവർക്കും മികച്ച ചികിത്സ നൽകുകയാണ് വേണ്ടതെന്നും കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് ഡേറ്റ ബാങ്ക്
കൊവിഡ് ബാധിച്ച ശേഷം ഭേദമായവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി കൊവിഡ് ഡേറ്റ ബാങ്ക് തയ്യാറാക്കാനും സർക്കാർ ഒരുങ്ങുകയാണ്. പ്രാഥമിക തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളായിരിക്കും വിവരങ്ങൾ ശേഖരിക്കുക. കൊവിഡ് മുക്തരിലെ ആരോഗ്യപ്രശ്നങ്ങൾ (പോസ്റ്റ് കൊവിഡ് സിൻഡ്രം) ചികിത്സിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രതാ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ദിവസം 2800 പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. 60ശതമാനത്തിനും കൊവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണവും തളർച്ചയുമായിരുന്നു. ഏഴ് ശതമാനം പേർക്ക് ശ്വാസതടസവും പടികയറുമ്പോൾ കിതപ്പും തളർച്ചയും കണ്ടെത്തി. 20ശതമാനത്തിന് പ്രമേഹവും രക്തസമ്മർദ്ദവും അതിരൂക്ഷമായിരുന്നു. 13 ശതമാനത്തിന് മുൻകാല അസുഖങ്ങൾ കാരണമുള്ള പ്രശ്നങ്ങളായിരുന്നു. വയനാട്ടിൽ രണ്ട് പേർക്ക് കാഴ്ച കുറഞ്ഞു. ഇവർ കടുത്ത പ്രമേഹരോഗികളായിരുന്നു. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വ്യാഴാഴ്‌ച പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുറന്നു. എല്ലാ വ്യാഴാഴ്ചയുമാണ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. രോഗികൾ കൂടുമ്പോൾ ക്ലിനിക്കുകൾ കൂടുതൽ ദിവസങ്ങളിൽ പ്രവർത്തിക്കും. കൊവിഡ് മുക്തർ വീടിനടുത്തുള്ള പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജാഗ്രതാ ക്ലിനിക്കുകളിലാണ് ആദ്യം എത്തേണ്ടത്. ഗുരുതര ലക്ഷണങ്ങളുള്ളവരെ കൂടുതൽ ചികിത്സയ്‌ക്ക് ആദ്യം താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കും ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജുകളിലേക്കും റഫറൽ കേന്ദ്രങ്ങളിലേക്കും മാറ്റും. റഫറൽ ക്ലിനിക്കുകളിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാകും.