കൊച്ചി: രണ്ട് മാസമായി വ്യാജ ഡോക്‌ടർ ചമഞ്ഞ് നിരവധി പേരെ പറ്റിച്ച യുവതി അറസ്റ്റിൽ. എറണാകുളം എടത്തല കോമ്പാറ മരിയ ക്ലിനിക്കിലാണ് രണ്ട് മാസമായി യുവതിയുടെ തട്ടിപ്പ് അരങ്ങേറിയത്. റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്‌ണൻ (45) ആണ് തട്ടിപ്പുകൾക്ക് ഒടുവിൽ പൊലീസ് പിടിയിലായത്. 2002ൽ കർണാടകയിൽ നിന്ന് എം ബി ബി എസ് ജയിച്ചതായി പറയുന്ന ഇവർ ഫാർമസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവ് വച്ചാണ് മരുന്നു കുറിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡോക്‌ടറെ നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്‌തത്. എം ബി ബി എസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഡിപ്ലോമ സർട്ടിഫിക്കറ്റാണ് വ്യാജ ഡോക്‌ടർ നൽകിയത്. ഇതും വ്യാജമാണോയെന്നാണ് പൊലീസിന്റെ സംശയം. രോഗികൾക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികകൾ കൂടിയ അളവിൽ കുറിച്ചതിനെ തുടർന്ന് സംശയം തോന്നിയ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ റൂറൽ എസ് പി കെ കാർത്തിക്കിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇൻസ്‌പെക്‌ടർ പി ജെ നോബിൾ നേതൃത്വം നൽകി. ഇവർ ഇതിനു മുമ്പും പല ക്ലിനിക്കുകളിലും ജോലി ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കുറഞ്ഞ ശമ്പളം നൽകിയാൽ മതി എന്നതാണ് വ്യാജ ഡോക്‌ടറെ നിയമിച്ചതിന്റെ കാരണമെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി. മറ്റൊരു ഡോക്‌ടറും ഇവിടെയുണ്ട്. അദ്ദേഹം ജില്ലയിലെ സർക്കാർ ആശുപത്രിയിലും പാർട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റുകളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അദ്ദേഹത്തോടും ആവശ്യപ്പെട്ടു.
ക്ലിനിക്കിന്റെ ഉടമയേയും കേസിൽ പ്രതിയാക്കും. അങ്കമാലി സ്വദേശിയുടേതാണ് ക്ലിനിക്. ചികിത്സാ സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ വീടുകൾ വാടകയ്ക്ക് എടുത്ത് ക്ലിനിക് നടത്തുന്നയാളാണ് ഉടമയെന്ന് പൊലീസ് പറഞ്ഞു.