ബംഗളൂരു: ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാട് നടത്തിയ നാലുപേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂബുമായി കളളപ്പണ- ബിനാമി ഇടപാടുകളെ തുടർന്ന് അറസ്‌റ്റിലായ ബിനീഷിനോട് സാമ്പത്തിക ഇടപാട് നടത്തിയ അബ്‌ദുൾ ലത്തീഫ്, റഷീദ്,അനികുട്ടൻ,അരുൺ.എസ് എന്നിവരോടാണ് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിരിക്കുന്നത്. മുൻപ് ഹാജരാകാൻ അബ്ദുൾ ലത്തീഫിനും റഷീദിനും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് കൊടുത്തെങ്കിലും ക്വാറന്റൈനിലായതിനാൽ ഇവർ ഹാജരായില്ല. നവംബർ 18 ന് ഹാജരാകാനാണ് ഇത്തവണ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
റിമാൻഡിലായ ബിനീഷ് കോടിയേരിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ കൊവിഡ് പരിശോധനക്ക് ശേഷം പ്രത്യേക സെല്ലിലാണ് ബിനീഷ് ഇപ്പോൾ. അന്തിമഫലത്തിന് ശേഷം മറ്റുളളവർക്കൊപ്പം മാറ്റിയേക്കും അതേസമയം സുരക്ഷ മാനിച്ച് പ്രത്യേക സെല്ലിൽ തന്നെ ബിനീഷിനെ പാർപ്പിക്കാനും ഇടയുണ്ട്. ബിനീഷിന്റെ ആരോഗ്യം തൃപ്‌തികരമാണ്.
അതേസമയം ഫയലുകൾ വിളിച്ചുവരുത്തിയ സംഭവത്തിൽ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയ്‌ക്ക് എൻഫോഴ്‌സ്‌മെന്റ് വിശദീകരണം നൽകി. ഫയലുകൾ വിളിച്ചുവരുത്താൻ ഇ.ഡിയ്‌ക്ക് അധികാരമുണ്ട്. നിയമസഭ എത്തിക്‌സ് കമ്മിറ്റിക്കുളള പരിരക്ഷ ലൈഫ് മിഷനില്ല. പദ്ധതിയെ തടസപ്പെടുത്താനോ വികസനത്തെ തടയാനോ എൻഫോഴ്‌സ്‌മെന്റ് ശ്രമിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്.