തിരുവനന്തപുരം: കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടുന്നവരിൽ പിന്നീടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ (പോസ്റ്റ് കൊവിഡ് സിൻഡ്രോം) ചികിത്സിക്കാൻ ആരോഗ്യവകുപ്പ് ജില്ലയിൽ തുറക്കുന്ന ആദ്യ ജാഗ്രതാ ക്ലിനിക്ക് ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും. കൊവിഡ് ബാധ രൂക്ഷമായ തലസ്ഥാന ജില്ലയിൽ രോഗമുക്തി നേടിയ ഏതാണ്ട് 7,000 പേർക്ക് കൊവിഡാനന്തര രോഗലക്ഷണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മറ്റ് കേന്ദ്രങ്ങളിൽ ക്ളിനിക്കുകൾ ഒരാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കും. ക്ളിനിക്കുകളിൽ ചികിത്സ നൽകുന്നതിന് ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനങ്ങളും ജില്ലയിൽ പുരോഗമിക്കുകയാണ്. നിലവിൽ ജില്ലയിൽ 110 പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്.
ബ്രിട്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ചിന്റെ (എൻ.ഐ.എച്ച്.ആർ) കണക്ക് അനുസരിച്ച് കൊവിഡ് മുക്തരിൽ 10 ശതമാനം പേർക്ക് പോസ്റ്റ് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകുന്നെന്നാണ് കണക്ക്. രണ്ട് ശതമാനം പേർക്ക് ഗുരുതരമായ ലക്ഷണങ്ങളാണുള്ളത്. കേരളത്തിൽ കൊവിഡ് ബാധിച്ച അഞ്ച് ലക്ഷം പേരിൽ 50,000 പേർക്ക് പോസ്റ്റ് കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പോസ്റ്റ് കൊവിഡ് ക്ളിനിക്കുകൾ മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒപ്പമായിരിക്കും പ്രവർത്തിക്കുകയെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.ഷിനു പറഞ്ഞു.
പ്രധാന ലക്ഷണങ്ങൾ
*വിട്ടുമാറാത്ത ക്ഷീണം തളർച്ച
*ശ്വാസതടസവും പടികൾ കയറുമ്പോൾ കിതപ്പും തളർച്ചയും
*അമിത പ്രമേഹവും രക്തസമ്മർദവും
രോഗികൾ ചെയ്യേണ്ടത്
.കൊവിഡ് മുക്തർ വീടിനടുത്തുള്ള പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജാഗ്രതാ ക്ലിനിക്കുകളിലാണ് ആദ്യം എത്തേണ്ടത്. ഗുരുതര ലക്ഷണങ്ങളുള്ളവരെ കൂടുതൽ ചികിത്സയ്‌ക്ക് ആദ്യം താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കും ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജുകളിലേക്കും റഫറൽ കേന്ദ്രങ്ങളിലേക്കും മാറ്റും. റഫറൽ ക്ലിനിക്കുകളിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാകും.