covid-fltc

തിരുവനന്തപുരം: കൊവിഡ് രോഗം ബാധിക്കുന്നവരെ ചികിത്സിക്കുന്നതിനായി നഗരസഭ തുറന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ (എഫ്.എൽ.ടി.സി) രോഗികൾക്ക് ക്ഷാമം. എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നതിനായി നഗരസഭ 19 കെട്ടിടങ്ങൾ കണ്ടെത്തിയെങ്കിലും എട്ടെണ്ണം മാത്രമാണ് നഗരത്തിൽ തുടങ്ങിയത്. ഇവിടങ്ങളിലെല്ലാമായി 200 രോഗികൾ മാത്രമാണ് ഇപ്പോഴുള്ളത്. 1925 കിടക്കകളാണ് അവയിലായി ആകെയുള്ളത്. പോസിറ്റിവാകുന്നവർ വീട്ടിൽ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചതോടെയാണ് എഫ്.എൽ.ടി.സികൾ കാലിയായിത്തുടങ്ങിയത്.

മാസങ്ങൾക്ക് മുമ്പ് എഫ്.എൽ.ടി.സികളിൽ കൊവിഡ് രോഗികൾക്ക് ഇടം കിട്ടാത്ത സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. പോസിറ്റിവാകുന്നവരും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരും എഫ്.എൽ.ടി.സികളിലാണ് ചികിത്സ തേടിയിരുന്നത്. നഗരസഭയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങളും രോഗികളില്ലാത്തതിനെ തുടർന്ന് പൂട്ടിക്കഴിഞ്ഞു. നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. അത് മാർ ഇവാനിയോസ് കോളേജിലാണ്. വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ എത്തുന്നവർക്ക് രണ്ട് ദിവസം പാർക്കാൻ വേണ്ടി മാത്രമാണ് ഈ ക്വാറന്റൈൻ കേന്ദ്രം പ്രവർത്തിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥ ഭരണം നിലവിൽ വന്നതോടെ എഫ്.എൽ.സി.ടികളും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്ന ചുമതല സമിതി ഏറ്റെടുത്തു. രോഗികൾ വീട്ടിൽ ചികിത്സ തുടരാൻ തീരുമാനിച്ചതോടെ നേരത്തെ പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പൂട്ടിയിരുന്നു.