poonthura-siraj

തിരുവനന്തപുരം: പി ഡി പി നേതാവ് പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐ എൻ എല്ലിൽ ചേരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി സിറാജ് മത്സരിക്കും. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. പി ഡി പിയുടെ വർക്കിംഗ് ചെയർമാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല.

സംഘടന തിരഞ്ഞെടുപ്പിന് ശേഷം നാമനിർദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞു. ഈ അസംതൃപ്‌തിയാണ് അദ്ദേഹം പാർട്ടി വിടാൻ കാരണം. തിരുവനന്തപുരം കോർപറേഷനിൽ മാണിക്കവിളാകം വാർഡിൽ നിന്നാകും സിറാജ് മത്സരിക്കുക. നേരത്തേ കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുളള പൂന്തുറ സിറാജ് വഴി സീറ്റ് വിജയിക്കാമെന്ന നിഗമനത്തിലാണ് ഐ എൻ എൽ. സിറാജ് പാർട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തെ പി ഡി പിയിൽ നിന്ന് പുറത്താക്കി.

പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐ എൻ എല്ലിൽ ചേർന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അബ്‌ദുൾ നാസർ മഅ്‌ദനി പ്രതികരിച്ചു. ഭാരം ഏൽപ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ട് നൽകിയ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു തൂവൽ നഷ്‌ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്‌ടമോ നമ്മളെ തളർത്താതിരിക്കട്ടെയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ ഇത് അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണം ആണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഇരുപത്തി അഞ്ച് വർഷത്തോളമായുളള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോർപ്പറേഷൻ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുളള തീരുമാനം രാഷ്ട്രീയ ധാർമികതയ്‌ക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.