മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിലെ ഒരു കുടുംബം വീടിന്റെ തട്ടിൻപുറത്ത് കണ്ട ബാഗ് തുറന്ന് നോക്കിയപ്പോൾ കണ്ണ് തളളിപ്പോയി. ബാഗുകൾ നിറയെ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം 40 ലക്ഷം രൂപയുണ്ടായിരുന്നു ഇരുബാഗുകളിലും. സംഭവം ഉടനെ പൊലീസിൽ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ അടുത്തുളള ബിസിനസുകാരന്റെ വീട്ടിൽ നിന്ന് തലേദിവസം 40 ലക്ഷം രൂപം മോഷണംപോയതായും കണ്ടെത്തി.
തുടർന്ന് കേസ് അന്വേഷിച്ച പൊലീസ്, ബിസിനസുകാരന്റെ ഒരു ജോലിക്കാരന്റെ സഹായത്തോടെയാണ് മോഷണം എന്ന് കണ്ടെത്തി. ബിസിനസുകാരന്റെ വീട്ടിലെ ജീവനക്കാരൻ രാജു നേപ്പാളിയാണ് മോഷണത്തിന് സഹായിച്ചതെന്ന് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇയാൾക്കൊപ്പം മറ്റൊരാളും ചേർന്നാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് ഈ പണം പിന്നീട് വന്നെടുക്കാനെന്ന വണ്ണം അടുത്തുളള വീടിന്റെ തട്ടിൻപുറത്ത് സൂക്ഷിക്കുകയായിരുന്നു. എന്തായാലും മോഷണത്തിന് കൂട്ടുനിന്ന നേപ്പാളിയുടെ സുഹൃത്ത് ഇപ്പോൾ പൊലീസ് കസ്‌റ്റഡിയിലാണ്.