prithviraj

പൊലീസ് വേഷത്തിലെത്തി കൈയ്യടി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മുംബയ് പൊലീസ്, മെമ്മറീസ് പോലെ വലിയ വിജയങ്ങള്‍ പൃഥ്വി പൊലീസ് കുപ്പായത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും പൊലീസാകുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന കോള്‍ഡ് കേസിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായി മാറിയിരിക്കുകയാണ്.

ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസി'ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി.സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ദിലീഷ് നായര്‍ സംവിധാനം ചെയ്ത 'ടമാര്‍ പടാറി'ന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് 'കോള്‍ഡ് കേസ്'. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ. ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.

ശ്രീനാഥ് വി. നാഥ് ആണ് ആര്‍ട്ട് ഡയറക്ടര്‍ .അജയന്‍ ചാലിശ്ശേരി. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. പൃഥ്വിരാജ് ഉള്‍പ്പടുന്ന രംഗങ്ങള്‍ ഏറെയും ഇന്‍ഡോര്‍ സീക്വന്‍സുകളാണെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുള്ള ചിത്രീകരണമായിരിക്കുമെന്നും തനുബാലക്കും നിര്‍മ്മാതാക്കളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയരാജ് സംവിധാനം ചെയ്ത 'ഓഫ് ദ പീപ്പിള്‍', 'ട്രെയിന്‍' എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ തനു ബാലക് നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.