വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിലെ പരാജയം പരോക്ഷമായി അംഗീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ നിർമാണത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച ട്രംപ്, ഇനിയൊരു ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നും പറഞ്ഞു. ‘ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയില്ല, ഏത് ഭരണകൂടമായിരിക്കുമെന്ന് ആർക്കറിയാം. എല്ലാം കാലം പറയുമെന്ന് ഞാൻ കരുതുന്നു.’ - ട്രംപ് കൂട്ടിച്ചേർത്തു..
തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചതു മുതൽ തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ മിക്ക കോടതികളും ഇതു തള്ളി. ക്രമക്കേട് നടന്നതിനു തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കി.