വാഷിംഗ്ടൺ: ജോർജിയ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും പുറത്ത് വന്നതോടെ ജോ ബൈഡൻ 306 ഇലക്ടറൽ സീറ്റുകൾ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജോർജിയ ബൈഡൻ നേടിയപ്പോൾ നോർത്ത് കരോളിന ട്രംപിനൊപ്പം നിന്നു. ഇതോടെ ട്രംപിന് ആകെ 232 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ ബൈഡൻ ചൈന വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ബൈഡനെ ചൈന അഭിനന്ദിച്ചത്. ഔദ്യോഗിക ഫലം പുറത്തുവന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബൈഡനെ അഭിനന്ദിക്കാൻ ചൈന മടിച്ചിരുന്നു.
അതേസമയം, ചില വിഷയങ്ങളിലെങ്കിലും ചൈനയുമായുള്ള നിലപാട് ബൈഡൻ മയപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കൊവിഡ് പ്രതിരോധം സംബന്ധിച്ചും അമേരിക്ക ചൈനയുമായി കൂടുതൽ അടുത്തേക്കുമെന്നാണ് സൂചന. ചൈനയ്ക്കെതിരെ ബൈഡൻ അപ്രതീക്ഷിത നടപടികൾ സ്വീകരിച്ചേക്കില്ലെന്നും വിലയിരുത്തലുണ്ട്.
എന്നിരുന്നാലും, മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബൈഡൻ ചൈനയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് യു.എസ് ജനതയുടെ മുഴുവൻ പിന്തുണയുണ്ടെന്നും അതുകൊണ്ടു തന്നെ യു.എസിനു മുൻതൂക്കം കൊടുക്കുന്ന നിലപാടുകൾ ബൈഡൻ തുടരുമെന്നുമാണ് ഓക്സ്ഫഡ് ഇക്കോണമിക്സിലെ ലൂയി കുജിസ് പറയുന്നത്.
ചൈനയ്ക്കെതിരെ ബൈഡൻ ദീർഘകാലാടിസ്ഥാനത്തിലുള്ള നിലപാട് സ്വീകരിക്കുമെന്നും ഓക്സ്ഫഡ് ഇക്കോണമിക്സിലെ വിദഗ്ദ്ധർ പറയുന്നു.
ചൈനയ്ക്കെതിരെ ബൈഡൻ സ്വീകരിക്കുക മൃദുവായതോ കൂടുതൽ കടുപ്പത്തിലുള്ളതോ ആയ നിലപാടുകളായിരിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിലപാടെടുത്ത ബറാക് ഒബാമയ്ക്കെതിരെയുള്ള നിലപാടെന്ന തരത്തിൽ 2016ലെ തിരഞ്ഞെടുപ്പിൽ ചൈനയ്ക്ക് കൂടുതൽ താത്പര്യം ഡൊണാൾഡ് ട്രംപിനെയായിരുന്നു. എന്നാൽ, ട്രംപ് കടുത്ത ചൈനാ വിരുദ്ധനായി മാറുകയാണുണ്ടായത്.അതേസമയം, ട്രംപ് ഭരണകൂടത്തിന്റേതിൽ നിന്ന് വ്യത്യസ്തമായ നയങ്ങളായിരിക്കും ബൈഡന്റേത് എന്നു കരുതുന്ന നിരീക്ഷകരുമുണ്ട്. മറ്റു സഖ്യരാജ്യങ്ങളുമായി ചേർന്ന് യു.എസ് ചൈനയുടെ നയം മാറ്റാനായി കടുത്ത സമ്മർദ്ദം ചെലുത്തിയേക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. മുൻപ് ജർമ്മനി, ഫ്രാൻസ്, ദക്ഷിണ കൊറിയ സർക്കാരുകളുമായി ചേർന്ന് അമേരിക്കയ്ക്കെതിരെയുള്ള നിലപാട് കടുപ്പിക്കാൻ ചൈന തീരുമാനിച്ചിരുന്നെങ്കിലും ഈ രാജ്യങ്ങൾ സഹകരിക്കാതെ വന്നതോടെ നീക്കം പരാജയപ്പെട്ടിരുന്നു.