akshay-kumar

ദീപാവലിയ്ക്ക് പുതിയ സിനിമ പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍. പുതിയ സിനിമയായ 'രാമ സേതു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അക്ഷയ് കുമാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും ധരിച്ച്, നീളന്‍ മുടിയുമായാണ് പോസ്റ്ററില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. അക്ഷയ് കുമാറിന്റെ കഴുത്തിലെ കാവി ഷാളും ശ്രദ്ധിക്കപ്പെടുന്നുണ്ട്.


ഈ ദീപാവലിയ്ക്ക്, വരാനിരിക്കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന പാലം (സേതു) നിര്‍മ്മിച്ച് രാമന്റെ ആദര്‍ശങ്ങളെ എല്ലാ ഭാരതീയരുടേയും മനസില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം എന്നാണ് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്യുന്നത്. അതിബൃഹത്തായ ഈ ദൗത്യത്തിലേക്കുള്ള തങ്ങളുടെ എളിയ ശ്രമമാണ് ചിത്രമെന്നും അദ്ദേഹം പറയുന്നു. ദീപാവലി ആശംസകളും അദ്ദേഹം നേരുന്നു.

രാമ സേതു പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ചര്‍ച്ചയായി മാറുകയാണ്. മതവികാരം വളര്‍ത്താനുള്ള ശ്രമമാണെന്നും പിന്നില്‍ അജണ്ടകളുണ്ടെന്നുമാണ് ചിലര്‍ പറയുന്നത്. ഐതീഹ്യമോ യാഥാര്‍ത്ഥ്യമോ എന്ന ടാഗ് ലൈനോടു കൂടിയാണ് അക്ഷയ് കുമാര്‍ രാമ സേതു അവതരിപ്പിക്കുന്നത്.

അഭിഷേക് ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. അരുണ ഭാട്ട്യയും വിവേക് മത്‌ഹോത്രയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരെന്ന് പുറത്ത് വിട്ടിട്ടില്ല. അതേസമയം, അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ലക്ഷ്മി കഴിഞ്ഞ ദിവസമാണ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തത്. ബെല്‍ ബോട്ടമാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.