modi-speech

ജയ്‌സാൽമീർ: അധിനിവേശ ശക്തികളായ രാജ്യങ്ങൾ കാരണം ലോകമാകെ വിഷമിക്കുകയാണെന്നും അധിനിവേശ സ്വഭാവം മാനസിക വൈകല്യമെന്നും അഭിപ്രായപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ദിവസത്തിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ജയ്‌സാൽമീറിലെ ഇന്ത്യൻ സൈനികർക്കൊപ്പമായിരുന്നു.അതിർത്തിഗ്രാമമായ ലോംഗെവാലയിലാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. രാജ്യം അധിനിവേശത്തിനെതിരെ ശക്തമായ ശബ്‌ദമായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രി വിമർശനങ്ങൾ ഉന്നയിച്ചത്.

മേയ് മാസം മുതൽ ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. മുൻപ് ഷാ‌ങ്‌ഹായ് ഉച്ചകോടിയിലും പ്രധാനമന്ത്രി ചൈനയ്‌ക്കും പാകിസ്ഥാനും എതിരെ പ്രസംഗിച്ചിരുന്നു.

2014ൽ സിയാച്ചിനിലെ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. തുടർന്നുള‌ള വർഷങ്ങളിലും സൈനികർക്കൊപ്പം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം. ദീപാവലി പ്രസംഗത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ഹിമാലയത്തിന്റെ ഉയരങ്ങളിലായാലും,മരുഭൂമിയിലായാലും,കൊടും വനത്തിലും, സമുദ്രത്തിലും സൈന്യം നടത്തിയ പോരാട്ടങ്ങളിൽ അഭിമാനമുണ്ടെന്നും അതിന് അവർക്ക് അഭിനന്ദനവും അറിയിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളും സൈന്യത്തിനൊപ്പമുണ്ടെന്നും മോദി പറഞ്ഞു. പുതുമയും, യോഗാഭ്യാസവും സ്വന്തം മാതൃഭാഷയല്ലാതെ മ‌റ്റേതെങ്കിലും ഭാഷ കൂടി അറിയുന്നതും ജീവിതത്തിന്റെ ഭാഗമാക്കി മാ‌റ്റണമെന്നും പ്രധാനമന്ത്രി സൈനികരോട് ആവശ്യപ്പെട്ടു.