nasa-

വാംഷിംഗ്ടൺ : ഭൂമിയ്ക്ക് പുറത്തെ ജീവനന്റെ സാന്നിദ്ധ്യം കണ്ടെത്തുക എന്നത് മനുഷ്യന് എന്നും ഒരു ആവേശമാണ്. ജീവന്റെ തുടിപ്പിന്റെ നേരിയ കണം എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ നാം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പര്യവേഷണങ്ങളും നടത്തി വരുന്നു. ഇപ്പോഴിതാ ചൊവ്വാ ഗ്രഹത്തെ പറ്റിയുള്ള പുതിയ പരീക്ഷണങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ് ബഹിരാകാശ ഏജൻസിയായ നാസ.

ചൊവ്വയിൽ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകൾ ആദ്യമായി ഭൂമിയിലേക്കെത്തിക്കാൻ പോവുകയാണ് നാസ. ശാസ്ത്രീയ പഠനത്തിനായി ചൊവ്വയിൽ നിന്നും പാറക്കല്ലുകളുടെ സാമ്പിളുകൾ എത്തിക്കുന്ന മാർസ് സാമ്പിൾ റിട്ടേൺ പ്രോഗ്രാമിനായി തയാറെടുക്കുന്നുവെന്ന് നാസ തന്നെയാണ് അറിയിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസിയും പദ്ധതിയിൽ പങ്കാളിയാണ്.

2020 ജൂലായിൽ പദ്ധതിയുടെ ഭാഗമായി പ്രത്യേക മാർസ് റോവർ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ റോവർ ചൊവ്വയിൽ ലാൻഡ് ചെയ്യും. ഈ റോവർ ചൊവ്വയിലെ പാറകളുടെ സാമ്പിളുകൾ ശേഖരിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ വയ്ക്കും. സാമ്പിൾ ക്യാച്ചിംഗ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

നാസയുടെ തന്നെ മറ്റൊരു ബഹിരാകാശ വാഹനം ഇത് ശേഖരിച്ച് ഭ്രമണപദത്തിലെത്തിക്കും. എർത്ത് റിട്ടേൺ ഓർബിറ്റർ വഴി ഈ പാറക്കല്ലുകൾ പിന്നീട് ഭൂമിയിലേക്കെത്തിക്കും. 2030ഓടെയാണ് സുപ്രധാനമായ ഈ ദൗത്യം പൂർത്തിയാവുക.

ചൊവ്വയിൽ ജീവന്റെ കണത്തിന്റെ സാന്നിദ്ധ്യത്തെ പറ്റി നിർണായക വിവരങ്ങൾ ഈ പാറക്കല്ലുകളിൽ നിന്നും അപഗ്രഥിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്ന ചോദ്യങ്ങൾക്കും ഭാവിയിൽ മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള ദൗത്യങ്ങൾക്കും ഈ പദ്ധതി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.