കാൻബറ: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാനഡയിൽ ക്രിസ്മസ് ആഘോഷങ്ങളും പ്രതിസന്ധിയിൽ. കുടുംബവും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകൾ നിറുത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിസ്മസ് ആഘോഷിക്കാനാകില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ 12ന് നടന്ന താങ്ക്സ്ഗിവിംഗ് ചടങ്ങുകളോട് അനുബന്ധിച്ച് കാനഡയിലെ ജനങ്ങൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുകൂടിയിരുന്നു. ഇതിനുപിന്നാലെ കൊവിഡ് കേസുകൾ വർദ്ധിച്ചു.
കൂടിക്കാഴ്ചകളും മറ്റും കുറയ്ക്കുകയെന്നതാണ് പ്രധാനമെന്ന് ട്രൂഡോ പറഞ്ഞു. വരുന്ന ആഴ്ചകളിലെ നമ്മുടെ ചെയ്തികളുടെ ഫലമായിരിക്കും ക്രിസ്മസിന്റെ സാഹചര്യം നിശ്ചയിക്കുകയെന്നും ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടിനകത്തും പുറത്തുമായി ഉണ്ടായ അനൗപചാരികമായ ഒത്തുചേരലുകളാണ് കൊവിഡ് ബാധ രൂക്ഷമാക്കിയതെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ.തെരേസ ടാം പറഞ്ഞു.