elizabeth

വാഷിംഗ്ടൺ: അർബുദത്തിന് കുഞ്ഞ് എലിസബത്തിന്റെ ശരീരത്തിനെ ആക്രമിക്കാനായേക്കും പക്ഷെ, അവളുടെ സ്വപ്നങ്ങളുടെ ചിറകരിയാൻ സാധിക്കില്ല.

ഒന്നാം ക്ലാസ്സുകാരിയായ എലിസബത്ത് ഇന്ന് വളരെ സന്തോഷത്തിലാണ്. ഒരു ഡിസൈനർ ആവുകയെന്ന അവളുടെ സ്വപ്നം സത്യമായിരിക്കുന്നു.

അമേരിക്കയിലെ നെവാഡയിലെ റിനോയിലേക്ക് എലിസബത്തിന്റെ കുടുംബം താമസം മാറിയതിന് ശേഷമാണ് അവൾക്ക് അർബുദം സ്ഥിരീകരിച്ചത്. കുഞ്ഞ് എലിസബത്തിന് അപ്പോൾ മൂന്ന് വയസായിരുന്നു. 26 മാസത്തോളം എലിസബത്ത് ചികിത്സയിലായിരുന്നു.

ചികിത്സാ ചിലവുകൾ കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. എന്നാലും മരണത്തിന് മുമ്പ് മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് നൽകണമെന്ന് എലിസബത്തിന്റെ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെയാണ് ‘മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ’ സഹായവുമായി എലിസബത്തിനെ തേടിയെത്തുന്നത്. ഇവരുടെ സഹായത്തോടെയാണ് ഡിസൈനറാവുക എന്ന എലിസബത്തിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞത്.

കഴിഞ്ഞ വർഷം നവംബറിൽ റെനോയിലെ പ്രാദേശിക മാസി സ്റ്റോറിൽ വസ്ത്രങ്ങൾ തുന്നാൻ ഒരു കൂട്ടം ഡിസൈനർമാർക്കൊപ്പം എലിസബത്തും എത്തി.
മാസിയിൽ നിന്ന് ചെറിയ രീതിയിൽ അവൾ സ്റ്റിച്ചിംഗ് പഠിച്ചു. ഫാബ്രിക്കിന്റെ പാറ്റേൺ തിരഞ്ഞെടുക്കുന്നതിനായി എലിസബത്ത് അവർക്ക് നിർദ്ദേശം നൽകാറുണ്ട്. ഡിസൈനർമാർ ഉണ്ടാക്കിയ വസ്ത്രങ്ങൾ കാണുകയും അഭിപ്രായം പറയുകയും ചെയ്യും. ഇപ്പോൾ സ്വന്തമായി ഡിസൈനുകൾ വരയ്ക്കാറുണ്ട്.

ആദ്യം അവൾക്ക് ഇതിനെ കുറിച്ച് വലിയ ധാരണകൾ ഉണ്ടായിരുന്നില്ല. പിന്നീട് വസ്ത്രധാരണ രീതികൾ അടങ്ങിയ പുസ്തകം കളറിംഗ് പേനകൾ എന്നിവ അവൾക്ക് സമ്മാനിച്ചു. ടെക്സാസിലെ ഓസ്റ്റിനിലുള്ള മാസി ബാർട്ടൻ ക്രീക്ക് സ്ക്വയർ സ്റ്റോറിൽ ഒരു പ്രത്യേക പരിപാടിയിൽ അവളുടെ വസ്ത്രങ്ങൾ പ്രദർശനത്തിന് വച്ചിരുന്നു. - എലിസബത്തിന്റെ അമ്മ പറയുന്നു.

എലിസബത്ത് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ മാസിസ് ഡോട്ട് കോമിൽ ഓൺലൈനായി വാങ്ങാൻ സാധിക്കും. മാസി സ്റ്റോറുകളിലും ഇവ ലഭ്യമാണ്. ഡിസംബർ 31 വരെയുള്ള വിൽപ്പനയുടെ 20 ശതമാനം മേക്ക്-എ-വിഷിലേക്ക് നൽകും.