mehbooba-mufti

ന്യൂഡൽഹി : ഇന്ത്യയിലേയും പാകിസ്ഥാനിലേയും നേതൃത്വങ്ങൾ രാഷ്ട്രീയ നിർബന്ധങ്ങൾ മാറ്റിവച്ച് പ്രവർത്തിക്കണമെന്നും അതിർത്തിയിൽ സമാധാനത്തിനായി പാകിസ്ഥാനുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും പി.ഡി.പി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. അതിർത്തിയിലെ പാക് വെടിവയ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.

' നിയന്ത്രണരേഖയുടെ ഇരുഭാഗങ്ങളിലും വർദ്ധിച്ചുവരുന്ന അത്യാഹിതങ്ങൾ കാണുന്നതിൽ ദുഃഖമുണ്ട്. ഇന്ത്യ, പാകിസ്ഥാൻ നേതൃത്വങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിർബന്ധങ്ങൾ മാറ്റിവച്ച് പ്രവർത്തിക്കുകയും ചർച്ചകൾ നടത്തുകയും വേണം. വെടി നിറുത്തൽ കരാർ പുനഃസ്ഥാപിക്കണം. ' മെഹബൂബ ട്വിറ്ററിൽ കുറിച്ചു.

പാകിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ നേരത്തെയും മുന്നോട്ട് വന്നിരുന്നു. ചൈനയുമായി ചർച്ച നടത്താമെങ്കിൽ പാകിസ്ഥാനുമായി എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നായിരുന്നു മെഹബൂബയുടെ ചോദ്യം. കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയാറാകണമെന്നായിരുന്നു മെഹബൂബ പറഞ്ഞത്.