ശബരിമല: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിന് വൃശ്ചികം ഒന്നാം തീയതിയായ നാളെ തുടക്കമാവും. രാവിലെ അഞ്ചു മണിക്ക് ദർശനം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് അടയ്ക്കുന്ന നട വൈകിട്ട് നാലിന് തുറക്കും. രാത്രി പത്തരയ്ക്ക് അടയ്ക്കും. പ്രതിദിനം ആയിരം പേർക്കാണ് ദർശനത്തിന് അനുമതി.
തീർത്ഥാടനത്തിന്റെ മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിച്ച ശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയിൽ ദീപം ജ്വലിപ്പിക്കും. തുടർന്ന് നിയുക്ത മേൽശാന്തിമാർ ഇരുമുടിക്കെട്ടുമായി പടികയറി ദർശനം നടത്തും. ദീപാരാധനയ്ക്ക് ശേഷം നിയുക്ത മേൽശാന്തിയായ വി. കെ. ജയരാജ് പോറ്റിയുടെ അവരോധന ചടങ്ങ് ശബരിമല ശ്രീകോവിലിന് മുന്നിൽ നടക്കും.സോപാനത്തിന് മുന്നിൽ പ്രത്യേക പീഠത്തിൽ ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തിയശേഷം ശ്രീകോവിലിലേക്ക് ആനയിച്ച് മൂലമന്ത്രം പകരും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിൽ നിയുക്ത മേൽശാന്തി എം. എൻ. രജികുമാറിന്റെ അവരോധന ചടങ്ങ് തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കും.
നിലവിലെ മേൽശാന്തിമാരായ സുധീർ നമ്പൂതിരിയും എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിയിൽ മലയിറങ്ങും.
തിക്കും തിരക്കുമില്ലാതെ...
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം. പതിനെട്ടാം പടിയിൽ കൈപിടിച്ചു കയറ്റാൻ പൊലീസ് ഉണ്ടാകില്ല.പതിനെട്ടാംപടിക്ക് താഴെ കൈകാലുകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടിൽ നിന്ന് ഭക്തരെ ഫ്ളൈ ഒാവർ ഒഴിവാക്കി വലതുവശം വഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ് ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടറുണ്ട്. മാളികപ്പുറം ദർശനം കഴിഞ്ഞു വരുന്ന പാതയിലെ കൗണ്ടറിൽ നിന്ന് ആടിയശിഷ്ടം നെയ്യ് നൽകും. പമ്പയിൽ ബലിതർപ്പണം ഉണ്ടായിരിക്കില്ല.