ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഡയറക്‌ടറായ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി കേന്ദ്രസർക്കാർ ഒരുവർഷത്തേക്ക് നീട്ടി. ഇ.ഡിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഡയറക്‌ടറുടെ കാലാവധി നീട്ടി നൽകുന്നത്. 2018 നവംബർ 19ന് ഡയറക്‌ടറായി ചുമതലയേറ്റെടുത്ത മിശ്രയുടെ കാലാവധി അടുത്തയാഴ്‌ചയോടെ പൂർത്തിയാകാനിരിക്കെയാണ് ഒരുവർഷത്തേക്ക് കൂടി നീട്ടിയത്.
1984 ബാച്ചിലെ ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനാണ് 60 വയസുകാരനായ മിശ്ര. റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2018ൽ മിശ്രയെ നിയമിച്ച തീയതി പുതുക്കിയിട്ടുണ്ട്. 2018 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കളളപ്പണം വെളുപ്പിക്കുന്നതിനും, വിദേശ പണമിടപാട് സംബന്ധിച്ചുമുളള കേസുകളിൽ അന്വേഷണം നടത്തുന്നതിന് ചുമതലപ്പെട്ട കേന്ദ്ര ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ്. നിലവിൽ കേരളത്തിൽ വിവാദമായ സ്വർണക്കടത്ത്, ലൈഫ് പദ്ധതി , കെ.എം ഷാജിയുമായി ബന്ധപ്പെട്ട പ്ളസ്‌ടു കോഴ ഇങ്ങനെ നിരവധി കേസുകൾ ഇ.ഡി അന്വേഷിക്കുന്നുണ്ട്. നിലവിൽ നന്നായി ഇ.ഡി അന്വേഷിക്കുന്ന കേസുകളുടെ രാഷ്‌ട്രീയമായ പ്രാധാന്യം മനസ്സിലാക്കിയാണ് കേന്ദ്രം സഞ്ജയ് കുമാർ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത്.