സാവോ പോളോ: എട്ടാം തവണയും തിരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടിയെങ്കിലും ബ്രസീൽ സ്വദേശിയായ റെജിന ബെന്റോ സെക്വയ്റ തോറ്റ് പിന്മാറാൻ തയ്യാറായിരുന്നില്ല. ഇത്തവണ ക്യാപ്റ്റൻ ക്ലോറോക്വിൻ എന്ന പേരിലാണ് റെജിന മത്സരിക്കുന്നത്. 59 കാരിയായ റജിന ഒരു അഭിഭാഷകയാണ്.
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്വന്തം പേരിന് പകരം ഇരട്ടപ്പേര് സ്വീകരിക്കുന്ന രീതി ബ്രസീലിൽ സർവസാധാരണമാണ്. ഇന്ന് നടക്കുന്ന പ്രദേശിക തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകളിൽ ഈ അപരനാമമാണ് പ്രത്യക്ഷപ്പെടുക. പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ കടുത്ത ആരാധികയാണ് റജിന. കൊവിഡ് പ്രതിരോധത്തിന് ക്ലോറോക്വിൻ ഉപയോഗിക്കണമെന്ന ബൊൾസൊനാരോയുടെ തീരുമാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് റജിന ഈ പേര് സ്വീകരിച്ചതും.
റജിന ഈ പേര് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് നിരവധിപേർ രംഗത്തെത്തി. എന്നാൽ വോട്ടർമാരുടെ ശ്രദ്ധയാകർഷിക്കാൻ ഇത്തരത്തിലുള്ള വിദ്യകൾ പ്രയോഗിക്കണമെന്നാണ് റജിന പറയുന്നത്.
കൊവിഡ് പ്രതിരോധം, അഴിമതി നിർമാർജനം എന്നിവയാണ് റജിന നൽകുന്ന വാഗ്ദാനങ്ങൾ.
2004 ലാണ് റജിന ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
സെഫ എന്ന തന്റെ ചെല്ലപ്പേരിനൊപ്പം പല പേരുകളും അവർ പരീക്ഷിച്ചിരുന്നു. പോകെ സെഫ, സെഫ വൈറ്റ്, കേവ് സെഫ, സൂപ്പർ സെഫ തുടങ്ങി പലതും. പക്ഷെ ഈ പേരുകളൊന്നും റജിനയെ തുണച്ചില്ല.
ക്ലോറോക്വിനെ കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്നതിലാണ് ആ പേര് ഇക്കുറി സ്വീകരിച്ചതെന്ന് റജിന പറയുന്നു.
മത്സരത്തിന് ഒബമയും വണ്ടർവുമണും
സ്ഥാനാർത്ഥികൾ സൂപ്പർമാൻ, ബാറ്റ്മാൻ, വണ്ടർ വുമൺ, ബിൻ ലാദൻ, ട്രംപ്, ഒബാമ എന്നിങ്ങനെയുള്ള അപരനാമങ്ങളും സ്വീകരിച്ചിട്ടുണ്ട്.
.