റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 നവംബര്‍ 6 -നാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇപ്പോള്‍ യൂറോപ്പ്, അമേരിക്ക എന്നിവയുള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബൈക്കുകളുടെ ആവശ്യം വര്‍ദ്ധിക്കുന്നതായി കമ്പനി അറിയിച്ചു. നിലവില്‍ അര്‍ജന്റീനയില്‍ മാത്രമാണ് ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് അസംബ്ലി പ്ലാന്റുള്ളത്. ഈ വര്‍ഷം സെപ്തംബറിലാണ് ഇത് സ്ഥാപിതമായത്.
ഈ പ്ലാന്റ് നിലവില്‍ ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ GT 650 എന്നീ മോട്ടോര്‍സൈക്കിളുകള്‍ അസംബിള്‍ ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഒരു വലിയ പ്രദേശം ഉള്‍ക്കൊള്ളാന്‍ കമ്പനിയെ പ്രാപ്തമാക്കുന്ന മീറ്റിയോര്‍ 350 ഈ ലൈനപ്പിലേക്ക് ചേര്‍ക്കാനുള്ള സാദ്ധ്യതയുണ്ട്. ഈ വര്‍ഷം ആദ്യം അര്‍ജന്റീനയില്‍ അഞ്ച് സ്റ്റോറുകളിലേക്ക് ഉപഭോക്തൃ ടച്ച് പോയിന്റുകള്‍ വ്യാപിപ്പിച്ചതായും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 31 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും മറ്റ് 40 റീട്ടെയില്‍ ടച്ച് പോയിന്റുകളുമുണ്ടെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയില്‍, നിലവില്‍ മീറ്റിയോര്‍ 350 എന്‍ട്രി ലെവല്‍ ഫയര്‍ബോള്‍ ട്രിമിന് 1.75 ലക്ഷം രൂപ മുതല്‍ ടോപ്പ്-സ്‌പെക്ക് സൂപ്പര്‍നോവ ട്രിമിന് 1.91 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. വിദേശ വിപണികളിലേക്ക് പോകുമ്പോള്‍, വ്യക്തമായ കാരണങ്ങളാല്‍ മീറ്റിയോര്‍ 350 -യുടെ വില വളരെ ഉയര്‍ന്ന നിലയില്‍ സൂക്ഷിക്കപ്പെടാം. മീറ്റിയോര്‍ 350 -ക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡ് പുതുതലമുറ ക്ലാസിക് 350 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു, ഇത് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 'ട്രിപ്പര്‍ നാവിഗേഷന്‍' അല്ലെങ്കില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സവിശേഷത ലഭിക്കുന്ന കമ്പനിയുടെ രണ്ടാമത്തെ മോഡലായിരിക്കും പുതിയ ക്ലാസിക് 350.