കോഴിക്കോട്: അഴിമതി തുറന്ന് കാട്ടിയതിന് സി.എ.ജി പോലുള്ള ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാൻ കേരളത്തിലെ ഇടതുസർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. സി.എ.ജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക് കേരളം ഇന്ത്യയിലാണെന്ന് ഓർക്കണം. സർക്കാരിന്റെ അഴിമതികൾക്കും തട്ടിപ്പുകൾക്കുമെതിരെ ആര് വന്നാലും അത് സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സമരം ചെയ്യുന്നപോലെ സി.എ.ജിക്കെതിരെ സമരം ചെയ്യാൻ സി.പി.എം തയാറാകുമോ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സി.പി.എം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുകയാണ്. തട്ടിപ്പിനുള്ള ഉപാധിയായി കിഫ്ബി മാറി. കിഫ്ബിയുടെ ഇടപാടുകൾ ഇ.ഡി അന്വേഷിച്ചാൽ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകുമെന്നും സുരേന്ദ്രൻ പറഞ്ഞു.