ലണ്ടൻ: സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്ന ബ്രിട്ടീഷ് കൊലയാളി പീറ്റർ സട്ട്ക്ലിഫ് (74) കൊവിഡ് ബാധിച്ച് മരിച്ചു. 1975നും 80നുമിടക്ക് കൊലപാതക പരമ്പരകളിലൂടെ ബ്രിട്ടനെ നടുക്കിയ ആളാണ് പീറ്റർ. 13 സ്ത്രീകളെയാണ് പീറ്റർ കൊലപ്പെടുത്തിയത്. 16 കാരിയായ ഷോപ്പ് അസിസ്റ്റന്റ് അടക്കം ഏഴുപേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കൃത്യം നിർവഹിച്ച ശേഷം ചുറ്റിക, സ്ക്രൂ ഡ്രൈവർ, കത്തി എന്നിവ ഉപയോഗിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയിരുന്നു. അതുകൊണ്ടാണ് 'യോർക്ക്ഷർ റിപ്പർ' എന്ന വിളിപ്പേര് ലഭിച്ചത്. ജീവപര്യന്തം തടവ് ലഭിച്ചതിനെ തുടർന്ന് ഫ്രാങ്ക്ലാൻഡ് ജയിലിൽ കഴിയുകയായിരുന്നു. അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിലിൽ തിരികെയെത്തിയ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നോർത്ത് ഡർഹാമിലെ യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.