trade-deficit

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പോസിറ്റീവ് നേട്ടവുമായി സെപ്‌തംബറിൽ മികച്ച പ്രതീക്ഷകൾ നൽകിയ കയറ്റുമതി മേഖല, ഒക്‌ടോബറിൽ വീണ്ടും നഷ്‌ടത്തിലേക്ക് വീണു. 5.12 ശതമാനം ഇടിവുമായി 2,489 കോടി ഡോളറിലേക്കാണ് കഴിഞ്ഞമാസം കയറ്റുമതി കുറഞ്ഞത്.

പെട്രോളിയം ഉത്‌പന്നങ്ങൾ 52 ശതമാനം, കശുഅണ്ടി 21.57 ശതമാനം, ജെംസ് ആൻഡ് ജുവലറി 21.27 ശതമാനം, ലെതർ 16.67 ശതമാനം, വസ്‌ത്രം 12.8 ശതമാനം, ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ 9.4 ശതമാനം, കാപ്പി 9.2 ശതമാനം, സമുദ്രോത്പന്നങ്ങൾ എട്ട് ശതമാനം, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ 3.75 ശതമാനം എന്നിവയാണ് കഴിഞ്ഞമാസം കയറ്റുമതി നഷ്‌ടം നേരിട്ടത്.

കഴിഞ്ഞമാസം ഇറക്കുമതിച്ചെലവ് 11.53 ശതമാനം കുറഞ്ഞ് 3,360 കോടി ഡോളറായി; ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 871 കോടി ‌ഡോളറായി താഴ്‌ന്നു; 2019 ഒക്‌ടോബറിൽ ഇത് 1,175 കോടി ഡോളറായിരുന്നു.

കൊവിഡിൽ തുടർച്ചയായി ആറുമാസം നഷ്‌ടം നേരിട്ട ശേഷമാണ് ഒക്‌ടോബറിൽ കയറ്റുമതി 5.99 ശതമാനം വളർച്ച കുറിച്ചത്. ഏപ്രിൽ-ഒക്‌ടോബറിൽ കയറ്റുമതി 19.02 ശതമാനം കുറഞ്ഞ് 15,014 കോടി ഡോളറായി. ഇറക്കുമതി 36.28 ശതമാനം കുറഞ്ഞ് 18,229 കോടി ഡോളറിലെത്തി.

കഴിഞ്ഞമാസം എണ്ണ (ക്രൂഡ്) ഇറക്കുമതി 38.52 ശതമാനം കുറഞ്ഞ് 598 കോടി ഡോളറിലൊതുങ്ങി; എന്നാൽ, സ്വർണം ഇറക്കുമതി 35.88 ശതമാനം ഉയർന്നു.

നവംബറിന്റെ നേട്ടം

ഈമാസത്തെ ആദ്യ ആഴ്‌ചയിൽ കയറ്റുമതി മേഖല മികച്ച ഉണർവ് കാഴ്‌ചവച്ചിട്ടുണ്ട്. 22.5 ശതമാനം വളർച്ചയുമായി 675 കോടി ഡോളറിന്റെ കയറ്റുമതി ആദ്യവാരം നടന്നു. കരകൗശലം, കെമിക്കൽ, ഇരുമ്പയിര്, അരി, ഔഷധം എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ മേഖലകൾ.

കരകയറി

ഇന്ധന വില്പന

കൊവിഡ് കാലത്ത് ആദ്യമായി ഇന്ധനവില്പന നേട്ടത്തിലേറിയ മാസമായി ഒക്‌ടോബർ. മൊത്തം വില്പന 2019 ഒക്‌ടോബറിനേക്കാൾ 2.5 ശതമാനം ഉയർന്ന് 17.77 മില്യൺ ടണ്ണിലെത്തി. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് പ്രതിമാസ വില്പന കൂടുന്നത്. ഡീസൽ 7.4 ശതമാനം, പെട്രോൾ 4.5 ശതമാനം, നാഫ്‌ത 15 ശതമാനം എന്നിവയുടെ വളർച്ചയാണ് കഴിഞ്ഞമാസം കരുത്തായത്.

വിദേശ നാണയ ശേഖരം

പുതിയ ഉയരത്തിൽ

ഇന്ത്യയുടെ വിദേശ നാണയ ശേഖരം വീണ്ടും റെക്കാഡ് ഉയരത്തിൽ. നവംബർ ആറിന് സമാപിച്ച ആഴ്‌ചയിൽ 777.9 കോടി ഡോളർ ഉയർന്ന് ശേഖരം 56,849.4 കോടി ഡോളറായി. കരുതൽ സ്വ‌ർണശേഖരം 132.8 കോടി ഡോളർ വർദ്ധിച്ച് 3,758.7 കോടി ഡോളറിലെത്തി.