വാഷിംഗ്ടൺ: ചൊവ്വ ഗ്രഹത്തെക്കുറിച്ചുള്ള പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ശാസ്ത്രീയ പഠനത്തിനായി ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് സാമ്പിളുകൾ എത്തിക്കുന്നതിനുള്ള മാർസ് സാമ്പിൾ റിട്ടേൺ പ്രോഗ്രാമിന് തയ്യാറെടുക്കുകയാണെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുമായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
ജൂലായിലാണ് ഈ ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക റോവർ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയിൽ റോവർ ചൊവ്വയിലെത്തും. ചൊവ്വയിലെ പാറകളിൽ നിന്നും റോവർ സാമ്പിളുകൾ ശേഖരിക്കും. പിന്നീട്, ചൊവ്വയുടെ ഉപരിതലത്തിൽ ഈ സാമ്പിളുകൾ റോവർ ശേഖരിച്ച് വയ്ക്കും. സാമ്പിൾ ക്യാച്ചിംഗ് എന്നാണ് ഈ പ്രക്രിയയുടെ പേര്.
ഈ സാമ്പിളുകൾ മറ്റൊരു ബഹിരാകാശ വാഹനം ശേഖരിച്ച് ഭ്രമണപഥത്തിൽ എത്തിക്കും. പിന്നീട് ഒരു എർത്ത് റിട്ടേൺ ഓർബിറ്റർ ഈ കല്ലുകൾ വലിയ സുരക്ഷാ വലയത്തിൽശേഖരിച്ച് ഭൂമിയിലെത്തിക്കും. ഈ പ്രക്രിയ 2030 കളിൽ മാത്രമേ പൂർത്തിയാകൂ എന്നാണ് വിവരം.
ചൊവ്വയിൽ ജീവനുണ്ടോ?
ചൊവ്വയുമായി ബന്ധപ്പെട്ട കൂടുതൽ കണ്ടുപിടുത്തങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ പദ്ധതി. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ ഈ പഠനത്തോടെ വ്യക്തമാവും എന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
‘ ഈ സാമ്പിൾ റിട്ടേൺ പരിശ്രമം വിലപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ റെഡ് പ്ലാനറ്റിലെ ( ചൊവ്വ) ജീവനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങളെ സഹായിക്കുകയും മനുഷ്യരെ ചൊവ്വയിലെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഒരു പടി കൂടി മുന്നോട്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു,’ നാസ അസോസിയേറ്റ് സയൻസ് അഡ്മിനിസ്‌ട്രേറ്റർ തോമസ് സർബെചൻ പറഞ്ഞു.