master

സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിജയ്, വിജയ് സേതുപതി ചിത്രം 'മാസ്റ്ററി'ന്റെ ടീസർ യൂട്യൂബിലൂടെ പുറത്തിറങ്ങി. ആവേശം കൊള്ളിക്കുന്ന സംഗീതവും മാസ് ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയിട്ടുള്ള ടീസറാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജിന്റെ മുൻ ചിത്രമായ 'കൈതി'യിൽ വില്ലനായി എത്തിയ അർജുൻ ദാസിനേയും ടീസറിൽ കാണാം.

ചിത്രത്തിൽ മാളവിക മോഹനൻ, ആൻഡ്രിയ ജെറെമിയ, ശന്തനു ഭാഗ്യരാജ്, നാസർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'മാസ്റ്റർ' ടീസറിന്റെ വരവ് കൊവിഡ്ക്കാലത്തും വിജയ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

കമൽഹാസൻ നായകനായി എത്തുന്ന മറ്റൊരു ലോകേഷ് കനകരാജ് ചിത്രമായ 'വിക്രമി'ന്റെ ടീസറും ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിങ്ങിയിരുന്നു. ടീസർ നവംബര്‍ 14-ന് വൈകിട്ട് ആറു മണിക്ക് പുറത്തുവിടുമെന്ന് മാസ്റ്റർ ടീം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഏപ്രിലില്‍ ചിത്രം പുറത്തിറക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ് നിർവഹിച്ചിരിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.