ന്യൂഡൽഹി: ട്വിറ്റർ ഹിന്ദു ഫോബിക് (ഹിന്ദു വിരുദ്ധ) ദേശവിരുദ്ധ മാദ്ധ്യമമാണെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. രാജ്യത്ത് ട്വിറ്റർ നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകണമെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കങ്കണ ട്വിറ്ററിനെതിരെ രംഗത്തുവന്നത്.
കേന്ദ്ര സർക്കാരിന്റെ ട്വിറ്റർ നിരോധന വാർത്തകളെ ട്വീറ്റിൽ കങ്കണ പിന്തുണച്ചു. 'കേന്ദ്രസർക്കാർ ട്വിറ്റർ നിരോധിക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ കേൾക്കുന്നു. നന്നായി. നമുക്ക് ഒത്തുചേരാൻ ഹിന്ദുഫോബിക്, ദേശവിരുദ്ധ മാദ്ധ്യമമായ ട്വിറ്ററിന്റെ ആവശ്യമില്ല' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
കോപ്പിറൈറ്റ് നിയമം ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം ട്വിറ്റർ അബദ്ധത്തിൽ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.
ലഡാക്കിലെ ലേ എന്ന ജില്ല തെറ്റായി രേഖപ്പെടുത്തിയ ഭൂപടം ട്വിറ്ററിൽ വന്നത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ ട്വിറ്ററിൽ നിന്ന് കേന്ദ്രം വിശദീകരണം തേടിയിരുന്നു.