വാഷിംഗ്ടൺ: ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ മുതിർന്ന നേതാവിനെ ഇസ്രയേലിന്റെ സഹായത്തോടെ ഇറാൻ രഹസ്യമായി വധിച്ചെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസിന്റെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാളും അൽ ഖ്വയ്ദയുടെ രണ്ടാമത്തെ മുതിർന്ന നേതാവുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ആഗസ്റ്റിൽ വധിച്ചെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ പറഞ്ഞത്. 1998ൽ ടാൻസാനിയയിലെയും കെനിയയിലെയും യുഎസ് എംബസികളിൽ ഇയാളുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ, റിപ്പോർട്ട് ഇറാൻ ഭരണകൂടം നിഷേധിച്ചു. അതേസമയം, സംഭവത്തിൽ അൽ ഖ്വയ്ദ ഇതുവരെ പ്രതികരിച്ചിട്ടില്ല.