കൊച്ചി: ലോകം അംഗീകരിച്ച ഓഡിറ്റിംഗിന്റെ ബാലപാഠങ്ങൾ മറന്ന് സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്‌ക്കാൻ സി.എ.ജിയെ ഉപയോഗിക്കുന്നു എന്ന ധനമന്ത്രിയുടെ ആരോപണങ്ങൾക്കെതിരെ വി.ഡി സതീശൻ. ധനമന്ത്രി നടത്തിയ പ്രതികരണം ഭരണഘടനാ വിരുദ്ധമാണെന്ന് സതീശൻ അഭിപ്രായപ്പെട്ടു. കിഫ്‌ബിയെ കുറിച്ച് ആര് പറഞ്ഞാലും ധനമന്ത്രി പൊട്ടിത്തെറിക്കുമെന്നും ഓഡിറ്റ് എന്ന് കേട്ടാൽ ബാലൻസ് പോകുമെന്നും സതീശൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അഭിപ്രായപ്പെട്ടു.
വി.ഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
കൺട്രോളർ& ഓഡിറ്റർ ജനറലിന്റെ കരട് റിപ്പോർട്ട് സംബന്ധിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക് നടത്തിയ പ്രതികരണം ഭരണഘടനാ വിരുദ്ധമാണ്. സി & എജി ഭരണഘടനാ സ്ഥാപനമാണ്. അതിന്റെ നടപടിക്രമങ്ങൾ വ്യവസ്ഥാപിതവും. അവർ തയ്യാറാക്കുന്ന റിപ്പോർട്ട് ഗവർണർക്കു വേണ്ടി ധനമന്ത്രി നിയമസഭയിൽ വയ്ക്കും. അപ്പോൾ മാത്രമാണ് അത് പൊതുസ്വത്താകുന്നത്. ഇത് കേരളമാണ് സൂക്ഷിച്ചോ എന്നാണ് സി& എജി ക്കുള്ള ഭീഷണി. കിഫ്ബിയെക്കുറിച്ച് ആരു പറഞ്ഞാലും ധനമന്ത്രി പൊട്ടിത്തെറിക്കും. ഓഡിറ്റ് എന്ന് കേട്ടാൽ ബാലൻസ് പോകും.
ഇനി നാളെ കേരള സർക്കാരിനെതിരെ ഒരു സുപ്രീം കോടതി വിധിയുണ്ടായാൽ അപ്പോഴും പറയുമോ ഇത് കേരളമാണ് സൂക്ഷിച്ചോയെന്ന് !!!