തിരുവല്ല: മലങ്കര മാർത്തോമ്മാ സഭയുടെ 22-ാമത് മെത്രാപ്പൊലീത്തയായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത അഭിഷിക്തനായി. സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേർന്ന ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ഹാളിലെ താത്കാലിക ബലിപീഠത്തിൽ നടന്ന കുർബാനയിലായിരുന്നു സ്ഥാനാരോഹണം. സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, മലബാർ സ്വതന്ത്ര സുറിയാനി സഭാദ്ധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ എന്നിവർ മുഖ്യകാർമ്മികരായിരുന്നു. ഇന്നലെ രാവിലെ 7.45ന് നിയുക്ത മെത്രാപ്പൊലീത്തയെയും ബിഷപ്പുമാരെയും സ്ഥാനാരോഹണ വേദിയിലേക്ക് ആനയിച്ചു. സീനിയർ എപ്പിസ്‌കോപ്പ ഡോ. യുയാക്കിം മാർ കൂറിലോസ് വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചു. സ്ഥാനാരോഹണ പ്രഖ്യാപനം യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ നടത്തിയശേഷം അധികാര ചിഹ്‌നമായ കിരീടവും അംശവടിയും തിയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് വലിയ മെത്രാപ്പോലീത്ത കൈമാറി. തുടർന്ന് സ്ഥാനവസ്ത്രങ്ങളോടെ സിംഹാസനത്തിൽ ഇരുന്ന് മെത്രാപ്പൊലീത്ത തിരുവചനം വായിച്ചു. വളർച്ചയിലെ മുരടിപ്പും സമൃദ്ധിയിലെ ദാരിദ്ര്യവും കണ്ടില്ലെന്ന് നടിക്കുന്നത് സഭകൾക്ക് ഭൂഷണമല്ലെന്ന് സ്ഥാനമേറ്റ ശേഷമുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.